പഴയങ്ങാടി: മാടായിലെ ചുമട്ടുതൊഴിലാളികളുടെ തൊഴിൽ നിഷേധിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചുമട്ടുതൊഴിലാളി യൂണിയൻ സി.ഐ.ടി.യു മാടായി ഏരിയ കമ്മിറ്റി മാർച്ചും ധർണ്ണയും നടത്തി. പഴയങ്ങാടിയിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ശേഷം മാടായി ശ്രീ പോർക്കാലി സ്റ്റീൽസിന് മുന്നിൽ നടന്ന പൊതുയോഗം സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി സഹദേവൻ ഉദ്ഘാടനം ചെയ്തു.
അവകാശം നേടിയെടുക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസമായി വ്യാപാരശാലക്ക് മുന്നിൽ തൊഴിലാളികൾ സമരത്തിലാണ്. ജില്ലാ ലേബർ ഓഫീസർ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ കൂട്ടാക്കാത്ത നിലപാടാണ് ഉടമ സ്വീകരിച്ചത്. ഇത് തൊഴിലാളികളോട് കാണിക്കുന്ന അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
സി.ഐ.ടി.യു ചുമട്ടു തൊഴിലാളി യൂണിയൻ മാടായി ഏരിയ കമ്മിറ്റി പ്രസിഡന്റ് ഐ.വി ശിവരാമൻ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.പി രാജൻ, പി.വി കുഞ്ഞപ്പൻ, വി.വി രാമചന്ദ്രൻ, പയ്യനട്ട പത്മനാഭൻ, വി. വിനോദ്, പി. ജനാർദ്ദനൻ, ഇ.എം ഏലിയാസ് എന്നിവർ പ്രസംഗിച്ചു.