corpartion

കണ്ണൂർ: കണ്ണൂർ കോർപറേഷനും പൊലീസ് അധികൃതരും തമ്മിൽ കൊമ്പുകോർത്തു. ഒടുവിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടു താൽക്കാലികമായി പ്രശ്നം പരിഹരിച്ചു.കോർപറേഷൻ പാതയോരത്തെ മരചില്ലകൾ മുറിക്കാൻ കരാർ തൊഴിലാളികളെ ഏൽപ്പിച്ചതാണ് പ്രശ്നത്തിന് തുടക്കമായത്. ബുധനാഴ്ച വൈകുന്നേരം തൊഴിലാളികൾ മരത്തിന്റെ ചില്ലകൾ മുറിക്കവേ റേഞ്ച് ഡി.ഐ.ജി ഓഫീസ് വളപ്പിനെ മറച്ചുള്ള ഷീറ്റുകൾ തകർന്നിരുന്നു. അനുമതി വാങ്ങാതെ മരം മുറിച്ചതാണ് പൊലീസിന് പ്രകോപനമായത്.

വ്യാഴാഴ്ച്ച പുലർച്ചെ ആറുമണിയോടെ മരം നീക്കാനെത്തിയ നാലുതൊഴിലാളികളെ കോർപറേഷന്റെ ലോറിയടക്കം കണ്ണൂർ ടൗൺപൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പതിനൊന്നുമണിയോടെയാണ് ഇവരെ വിട്ടത്. വിഷയം കോർപറേഷന്റെ ശ്രദ്ധയിൽപ്പെട്ടതോടെ മേയർ ടി.ഒ മോഹനൻ സംഭവസ്ഥലത്തെത്തി. ലോറി പൊലീസ് വിലക്കിനെ മറികടന്നു കൊണ്ടു കൊണ്ടു പോയി. സർക്കാർ പദ്ധതിപ്രകാരമാണ് കോർപറേഷൻ മരചില്ലകൾ വെട്ടിമാറ്റുന്നതെന്നും ഇതുതടയാൻ പൊലീസിന് അവകാശമില്ലെന്നും മേയർ പറഞ്ഞു. കണ്ണൂർ റേഞ്ച് ഡി.ഐ.ജി ഓഫിസിനു മുൻപിൽ വച്ച് മേയർ പൊലിസിനെ അതിരൂക്ഷമായി വിമർശിച്ചു.

ഇതിന് പിന്നാലെ മേയർ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇതെ തുടർന്ന് പ്രശ്നം രമ്യമായി അവസാനിപ്പിക്കാൻ രാഹുൽ നായർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശം നൽകുകയായിരുന്നു ഇതേ തുടർന്നാണ് വിഷയം താൽക്കാലികമായി പരിഹരിക്കപ്പെട്ടത്. മാവോയിസ്റ്റ് ഭീഷണിയുള്ളതുകൊണ്ടു കണ്ണൂർ റെയ്ഞ്ച് ഡി. ഐ.ജിയുടെ ഓഫിസിന് അതിശക്തമായ സുരക്ഷാക്രമീകരണങ്ങളാണുള്ളത്. ഇക്കാരണം കൊണ്ട് മുൻകൂട്ടി അനുമതിയി വാങ്ങാത്തിനാലാണ് കരാർ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വിശദീകരിച്ചു.

സർക്കാർ പദ്ധതി നടപ്പിലാക്കാൻ കോർപറേഷൻ കരാർ നൽകിയ തൊഴിലാളികളെഅവർ പ്രവൃത്തി നടത്തുന്നതിനിടെ കസ്റ്റഡിയിലെടുത്ത പൊലിസ് നടപടി മാടമ്പിത്തരമാണ്. ഇതൊന്നും അംഗീകരിക്കാൻ കഴിയില്ല. വിഷയം മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിച്ചിട്ടുണ്ട്
ടി.ഒ മോഹനൻ( കണ്ണൂർകോർപറേഷൻ മേയർ)