pazhassi

കണ്ണൂർ: ഇന്നലെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ച ബഡ്ജറ്റിൽ കണ്ണൂരിന് ലഭിച്ചത് കൈ നിറയെ. വിവിധ വികസന പദ്ധതികൾക്കായി വൻ തുക വകയിരുത്തിയത് വ്യവസായ വാണിജ്യ പുരോഗതിക്കും അടിസ്ഥാന വികസനത്തിനും പുത്തനുണർവ്വ് പകരും. കണ്ണൂരിൽ ഐ.ടി. പാർക്ക് തുടങ്ങാനുള്ള തീരുമാനം കൂട്ടത്തിൽ ഏറെ നിർണായകമാണ്. ഇതിനു പുറമെ മലബാർ കാൻസർ സെന്ററിന് ലഭിച്ച 427 കോടിയുടെ ധനസഹായം എടുത്തുപറയേണ്ടതാണ്. അര നൂറ്റാണ്ട് കാലമായി എങ്ങുമെത്താതെ അനിശ്ചിതത്വത്തിലായ പഴശ്ശി പദ്ധതിയ്ക്ക് അഞ്ച് കോടിയും അനുവദിച്ചതും ശ്രദ്ധേയമാണ്.

പഴശ്ശി പദ്ധതി

അനുവദിച്ചത് 5 കോടി

കാടുമൂടിയും കൈയേറിയും നാശോന്മുഖമായി തുടങ്ങിയ പഴശ്ശികനാലിലൂടെ വീണ്ടും വെള്ളമെത്തിക്കുന്നതിന്റെ ട്രയൽ റൺ നടന്നെങ്കിലും ഫണ്ടിന്റെ അപര്യാപ്തത പദ്ധതിയുടെ പൂർത്തീകരണത്തിന് തടസ്സമായി.

2008ലാണ് കനാലിലൂടെ അവസാനം വെള്ളമൊഴുകിയത്. പത്തുശതമാനം മാത്രം ലക്ഷ്യം കൈവരിച്ച പദ്ധതി 1979ലാണ് ഉദ്ഘാടനം ചെയ്തത്. മൂന്ന് കനാലുകളുടെ പണി പൂർത്തിയായെങ്കിലും വെള്ളം ശേഖരിക്കാനോ വിതരണം ചെയ്യാനോ ഇനിയും കഴിഞ്ഞിട്ടില്ല. മണ്ണിൽ നിർമ്മിച്ച കനാലുകൾ പലതും പൂർണമായും ജീർണിച്ചു. രണ്ട് അണ്ടർ ടണലുകൾ തകർന്നു. പറശ്ശിനിക്കടവ്, മാഹി ഭാഗങ്ങളിലേക്കു വെള്ളമെത്തിക്കാൻ ഇനിയും നടപടിയായില്ല.
ഒരു പ്രധാന കനാലും മാഹി, എടക്കാട്, അഴീക്കൽ, കാട്ടാമ്പള്ളി, മൊറാഴ തുടങ്ങി അഞ്ച് ശാഖാ കനാലുകളും ഉൾപ്പെടുന്നു. പതിനാറ് റേഡിയൽ ഷട്ടറോടുകൂടിയ ബാരേജിന് 245 മീറ്റർ ഉയരമുണ്ട്. തളിപ്പറമ്പ്, തലശേരി, ഇരിട്ടി, കണ്ണൂർ താലൂക്കുകളിലായി 46.26 കിലോമീറ്റർ മെയിൻ കനാലും 75.419 മീറ്റർ ശാഖാ കനാലും 118.43 കിലോമീറ്റർ നീർചാലുമായി 404.40 കിലോമീറ്റർ നീളത്തിലാണ് പഴശ്ശി ജലസേചന പദ്ധതിയുടെ വിതരണശൃംഖല.

നാൾവഴികൾ
1957സാങ്കേതിക പഠനം
1961നിർമ്മാണം
1968 പൂർത്തിയാക്കാൻ ലക്ഷ്യമിട്ടു

1979 ഭാഗിക കമ്മിഷൻ

പദ്ധതിയുടെ നേട്ടങ്ങൾ

പദ്ധതി വിജയകരമായാൽ കണ്ണൂർ ജില്ലയിലെ ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് എന്നീ വില്ലേജുകളിൽ 11525 ഹെക്ടർ പ്രദേശത്തെ കൃഷിഭൂമി ജലസേചന യോഗ്യമാകും. മുൻകാലങ്ങളിൽ മൂന്ന് ഡിവിഷൻ, അഞ്ച് സബ്ഡിവിഷൻ, 17 സെക്ഷൻ എന്നിങ്ങനെ ഓഫീസുകളുടെ സേവനം ലഭ്യമായിരുന്ന പഴശ്ശി പദ്ധതിക്ക് നിലവിൽ ഒരു ഡിവിഷൻ, ഒരു സബ് ഡിവിഷൻ, നാല് സെക്ഷൻ എന്നീ ഓഫീസുകളാണ് ഇപ്പോളുള്ളത്.

മലബാറിലെ കർഷകരുടെ സ്വപ്നപദ്ധതി പുനരുജ്ജീവിപ്പിക്കാൻ സർക്കാർ കൈക്കൊണ്ട നടപടികൾ ലക്ഷ്യത്തിലേക്ക് നീങ്ങുകയാണ്. കനാലിലെ ആദ്യ അഞ്ചര കിലോമീറ്ററിലെ നവീകരണ പ്രവൃത്തികൾ 95 ശതമാനവും പൂർത്തിയായി . ബഡ്ജറ്റിൽ അഞ്ച് കോടി രൂപ വകയിരുത്തിയതോടെ പദ്ധതി അതിവേഗം ലക്ഷ്യത്തിലെത്തിക്കാൻ കഴിയും.-സി.ഡി. സാബു,​എക്സിക്യൂട്ടീവ് എൻജിനീയർ,​പഴശ്ശി ജലസേചന പദ്ധതി


അഭിമാനം ഐ.ടി. പാർക്ക്

അനുദിനം വികസിക്കുന്ന കണ്ണൂരിന് ഐ.ടി. പാർക്ക് അനുവദിച്ചത് വ്യവസായ പുരോഗതിയിലേക്കുള്ള പുത്തൻ ചുവട് വയ്പ്പാകും. 2010ൽ പയ്യന്നൂർ മണ്ഡലത്തിലെ എരമം പുല്ലുപാറ സൈബർ പാർക്കിന് തറക്കല്ലിട്ടെങ്കിലും കല്ലിൽ നിന്നുയരാത്തത് വ്യവസായ വികസനത്തിന് കരിനിഴൽ പടർത്തിയതും കണ്ണൂർ മറന്നിട്ടില്ല. 25 ഏക്കറാണ് അന്ന് ഇതിനായി കണ്ടെത്തിയത്.

പാർക്കിലേക്ക് റോഡ് നിർമ്മിക്കാൻ സ്ഥലം അക്വയർ ചെയ്തു. വലിയ ചുറ്റുമതിലും നിർമ്മിച്ചു. ഒരു കോടിയോളം രൂപ പശ്ചാത്തല സൗകര്യങ്ങൾക്ക് വേണ്ടി ചെലവഴിച്ചപ്പോഴാണ് സ്ഥലം സൈബർ പാർക്കിന് പറ്റില്ലെന്ന് അധികൃതർക്ക് ബോദ്ധ്യമായത്. ചെറു നഗരത്തിന്റെ സാന്നിദ്ധ്യം പോലും അടുത്തെങ്ങുമില്ല. വിവിധ സോഫ്ട്‌വെയർ കമ്പനികൾ ഇത്തരമൊരു സ്ഥലത്ത് കമ്പനികൾ തുടങ്ങുന്നതിനോട് ഇക്കാരണം കൊണ്ട് മുഖംതിരിക്കുകയായിരുന്നു.