daily

മയ്യിൽ: കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിലെ കോമക്കരി വാർഡ് വിപ്ലവകരമായ ഒരു മാറ്റത്തിന് തുടക്കം കുറിക്കുകയാണ്. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി വാർഡിലെ മുഴുവൻ വീട്ടിലെയും കിണർ റീചാർജ് ചെയ്ത് വരൾച്ചയെ ഒരു പരിധിവരെ തടയിടാനാണ് ശ്രമം. മുഴുവൻ കുടുംബശ്രീ പ്രവർത്തകരുടെയും സഹായത്തോടെ സർവ്വേ പ്രവർത്തനം നടന്നുവരുന്നു. മഴയ്ക്ക് മുന്നേ മഴവെള്ള കൊയ്ത്തിന് ആരംഭം കുറിക്കുകയാണ് ലക്ഷ്യം.

പഞ്ചായത്തിലെ വരൾച്ച ബാധിത പ്രദേശങ്ങളിൽ ഒന്നാണ് കോമക്കരി. നാലുഭാഗവും കുന്നുകളാൽ ചുറ്റപ്പെട്ട ചരിഞ്ഞ പ്രദേശമാണ്. അതുകൊണ്ട് തന്നെ മഴ പെയ്ത വെള്ളം പുഴയിലേക്ക് വേഗത്തിൽ ഒഴുകിപ്പോകും. തൊഴിലുറപ്പ് വഴി പറമ്പുകൾ വരമ്പിടലും മഴക്കുഴിയും നിർമ്മിച്ച് ഒരു പരിധി വരെ മണ്ണൊലിപ്പും കൂടെ വെള്ളത്തെ സംഭരിക്കുവാനും സാധിച്ചെന്ന് വാർഡ് മെമ്പറും കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സി. നിജിലേഷ് പറഞ്ഞു.

24 ലക്ഷം രൂപ

തൊഴിലുറപ്പ് പദ്ധതിയിൽ പദ്ധതിക്കായി 24 ലക്ഷം രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. ഒരു വീട്ടിന് ഏകദേശം 15,000 രൂപയോളം ചിലവ് വരുന്ന ഈ പദ്ധതി പ്രകാരം ഒരു വീട്ടുകാർക്ക് 1000 രൂപ മാത്രമേ തുടക്കത്തിൽ മുടക്കേണ്ടതുള്ളൂ. മാത്രവുമല്ല, രണ്ടു ദിവസത്തെ തൊഴിലുറപ്പ് കൂലി ഓരോ വീട്ടുകാരുടെയും അക്കൗണ്ടിൽ വരും. അപ്പോൾ വെറും 400 രൂപയോളം മാത്രമേ ഈ പദ്ധതിക്കായ് ഒരു വീട്ടുകാർക്ക് ചിലവ് വരികയുള്ളൂ.

ഭൂഗർഭജലം താഴ്ന്നുകൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്തിലും വരൾച്ച വലിയ രീതിയിൽ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഇത്തരം റീചാർജ്ജുകൾ ഭൂമിക്ക് ആവശ്യമായി വന്നിരിക്കുകയാണ്. ഈ പദ്ധതി മറ്റ് വാർഡിലും നടപ്പിലാക്കാൻ ശ്രമിക്കും.

പി.പി. റെജി (പ്രസിഡന്റ്, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത്)