നഷ്ടം ഒരു കോടിയിലേറെ
കാഞ്ഞങ്ങാട്: അതിഞ്ഞാലിൽ വർക്ക് ഷോപ്പിന് തീപിടിച്ച് പത്ത് കാറുകൾ കത്തി നശിച്ചു. കുശാൽ നഗറിലെ ഷാജഹാന്റെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് മോട്ടോർസ് വർക്ക് ഷോപ്പിലാണ് തീ പിടിത്തമുണ്ടായത്. വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് സംഭവം. ഷോപ്പിൽ ഗ്യാസ് വെൽഡിംഗിനു ഉപയോഗിക്കുന്ന അസറ്റിലിൻ എന്ന വാതക സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന്റെ വ്യാപ്തി കൂടാൻ കാരണമായത്.
തൊട്ടടുത്ത വീട്ടിലെ യു.വി.ഹമീദ്, മുഹമ്മദ്, എന്നിവരും ഷട്ടിൽ കളിക്കാൻ പോവുകയായിരുന്ന ജാബിർ, മൊയ്തു, ഷാജഹാൻ, റെമീസ് എന്നിവരുമാണ് തീപിടുത്തം ആദ്യം കണ്ടത്. ഇവർ ഒച്ച വെച്ച് തൊട്ടടുത്തുള്ള മറ്റു വീട്ടുകാരെയും നാട്ടുകാരെയും വിളിച്ചുണർത്തി. അഗ്‌നിരക്ഷാ സേനയേയും പൊലീസിലും കെ.എസ്.ഇ.ബിയിലും വിവരമറിയിച്ചു.
സ്റ്റേഷൻ ഓഫീസർ പി.വി പവിത്രന്റെ നേതൃത്വത്തിൽ അഗ്‌നിരക്ഷാസേനയുടെ ആദ്യ സംഘം എത്തി രക്ഷാപ്രവർത്തനം തുടങ്ങി. തുടർന്ന് മറ്റു രണ്ടു യൂണിറ്റുകളും കാസർകോട്ടുനിന്നും 12,000 ലിറ്റർ വെളളം കൊള്ളുന്ന ബ്രൗസർ എന്ന വാഹനവും എത്തിച്ചു വെള്ളം ചീറ്റിയാണ് വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ തീ നിയന്ത്രണ വിധേയമാക്കിയത്.
യുവാക്കാൾ സാഹസികമായി തള്ളി മാറ്റിയതിനാൽ ഷോപ്പിനു മുന്നിലായി പാർക്ക് ചെയ്ത രണ്ടു കാറുകൾ തീപിടുത്തത്തിൽ നിന്നും ഒഴിവായി.
ഗ്യാസ് വെൽഡിംഗിനുപയോഗിക്കുന്ന അസറ്റിലിൻ വാതക സിലിണ്ടർ പൊട്ടിയതിന്റെ പ്രകമ്പനത്തിൽ അടുത്ത കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അജാനൂർ വനിത സഹകരണ സംഘം, ബാർബർ ഷോപ്പ്, തൊട്ടു പടിഞ്ഞാറുഭാഗത്തെ യു,വി ഹമീദ്, മുഹമ്മദ് എന്നിവരുടെ വീടിന്റെ ജനാൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. കടയുടെ മുന്നിലെ വൈദ്യുതതൂണിലെ എല്ലാ സർവ്വിസ് വയറുകളും കത്തി നശിച്ചു
സിനിയർ ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ സുധീഷ്, ഓഫീസർമാരായ നസീർ, ജീവൻ, ഉമേഷ്, ലിനേഷ്, നിഖിൽ, അനന്ദു, വരുൺരാജ്, ദിലീപ്, ശ്രീകുമാർ , ഹോംഗാർഡ് ബാബു, രാഘവൻ, കാസർകോടു നിലയത്തിലെ നാലോളം ജീവനക്കാർ സിവിൽ ഡിഫൻസിലെ പ്രദീപ് കുമാർ , അബ്ദുൾസലാം, രതീഷ് , ഷാജി എന്നിവരും പൊലീസും നാട്ടുകാരും ഒത്തൊരുമിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരു കോടിയിലധികം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പ്രാഥമിക നിഗമനം.
അതിഞ്ഞാലിൽ തീപിടിത്തമുണ്ടായ വർക്ക് ഷോപ്പ്