കൂത്തുപറമ്പ്: ഐ.സി.ഡി.എസ് ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിലെത്തിയ മുള്ളൻപന്നി ഏറെ നേരം പരിഭ്രാന്തി പരത്തി. ഒടുവിൽ ഫോറസ്റ്റ് റസ്ക്യൂ സംഘം എത്തിയാണ് മണിക്കൂറുകൾക്ക് ശേഷം മുള്ളൻപന്നിയെ പിടികൂടിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കൂത്തുപറമ്പ് ടൗണിലെ ബ്ളോക്ക് ഓഫീസിനോട് ചേർന്ന കെട്ടിടത്തിൽ മുള്ളൻപന്നിയെ കണ്ടെത്തിയത്.
സ്റ്റെയർകെയിസ് റൂമിനുള്ളിലായിരുന്ന മുള്ളൻപന്നി ഏറേ താമസിയാതെ പടവുകൾ കയറി ഐ.സി.ഡി.എസ് ഓഫീസ് പ്രവർത്തിക്കുന്ന ഭാഗത്ത് എത്തുകയായിരുന്നു. ശൗചാലയത്തിനുള്ളിലാണ് പിന്നീട് മുള്ളൻപന്നി സ്ഥാനം പിടിച്ചത്. ഇതോടെ ജീവനക്കാരിൽ പലരും പരിഭ്രാന്തിയിലായി. കൊട്ടിയൂർ വൈൽഡ് ലൈഫ് ഓഫീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഫോറസ്റ്റ് റസ്ക്യൂ ടീം അംഗം ഷംസീറിന്റെ നേതൃത്വത്തിൽ കൂടുമായി എത്തിയതോടെയാണ് ജീവനക്കാർക്ക് ആശ്വാസമായത്. മുള്ളൻപന്നിയെ പിന്നീട് കണ്ണവം വനത്തിൽ വിട്ടയച്ചു.