 
കാസർകോട്: കന്നഡ മഹാകവി കയ്യാർ കിഞ്ഞണ്ണറൈയ്ക്ക് കേരള, കർണ്ണാടക സർക്കാരുകളുടെ മരണാനന്തര ആദരവ്. അദ്ദേഹത്തിന്റെ പേരിൽ കന്നഡ അക്കാഡമി രൂപീകരിക്കുന്നതിന് കേരള ബഡ്ജറ്റിൽ ധനകാര്യവകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലൻ 40 ലക്ഷം രൂപ വകയിരുത്തി. എൻ.എ നെല്ലിക്കുന്ന് എം.എൽ.എയുടെയും കാസർകോട്ടെ സി.പി.എം നേതാക്കളുടെയും ഇടപെടലിനെ തുടർന്നാണ് കന്നഡ അക്കാഡമി രൂപീകരിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായത്. അതേസമയം കയ്യാർ കിഞ്ഞണ്ണറൈയുടെ സ്മരണയ്ക്കായി ഉചിതമായ സ്മാരകം പണിയുന്നതിന് കർണ്ണാടക സർക്കാർ ഒരു കോടി അനുവദിച്ചതും ഇന്നലെ തന്നെയായിരുന്നു. കർണ്ണാടക ബഡ്ജറ്റിലാണ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഇക്കാര്യം പ്രഖ്യാപിച്ചത്. കർണ്ണാടക സർക്കാരിന്റെ സ്മാരകം എവിടെയാണ് പണിയുന്നതെന്ന് പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത് ഇതുസംബന്ധിച്ചു നേരത്തെ കർണ്ണാടക സർക്കാരിന് നിവേദനം നൽകിയിരുന്നു.
സ്വാതന്ത്ര്യ സമര സേനാനിയും കന്നഡ, തുളു എഴുത്തുകാരനും കവിയും പത്രപ്രവർത്തകനും അദ്ധ്യാപകനുമായിരുന്നു കയ്യാർ കിഞ്ഞണ്ണറൈ. 1915 ജൂൺ എട്ടിന് ജനിച്ച ഇദ്ദേഹം 2015 ഓഗസ്ത് എട്ടിനാണ് നിര്യാതനായത്.
കാസർകോട് ജില്ലയെ കർണ്ണാടകയിൽ ലയിപ്പിക്കുന്നതിനായി വാദിച്ചു വിവാദ പുരുഷനായി മാറി. ചന്ദ്രഗിരി പുഴയുടെ വടക്കുള്ള ഭാഗങ്ങൾ കർണ്ണാടകയിൽ ലയിപ്പിക്കുന്നതിനുള്ള മഹാജൻ കമ്മിഷൻ റിപ്പോർട്ടിനെ കിഞ്ഞണ്ണ റൈ ശക്തിയായി പിന്തുണച്ചിരുന്നു. ഇതിനായി 2002 ൽ പ്രത്യേക സംഘടന രൂപീകരിക്കുകയും തുളു സംസാരിക്കുന്നവർക്കായി പ്രത്യേക തുളുനാട് വിഭാവനം ചെയ്യുകയും ചെയ്തിരുന്നു. ബദിയടുക്കയ്ക്ക് അടുത്തുള്ള സ്വവസതിയിൽ നൂറാം വയസിലായിരുന്നു കവിയുടെ അന്ത്യം.
കവിയുടെ പേരിൽ സാംസ്കാരിക ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. ഇതിനായി കുടുംബം 30 സെന്റ് സ്ഥലവും കൈമാറിയിരുന്നു.