തൃക്കരിപ്പൂർ: വടക്കെ മലബാറിലെ കാവുകളിലും വിവിധ ദേവസ്ഥാനങ്ങളിലും ഇനി മറുത്തുകളിയുടെ ആരവങ്ങൾ. കാർത്തിക തൊട്ട് പൂരം വരെയുള്ള 9 നാളുകളിലായി കൊണ്ടാടുന്ന പൂരോത്സവത്തിന്റെ ഭാഗമായാണ് ക്ഷേത്രങ്ങളിൽ മറുത്തുകളി അരങ്ങേറുക.

9, 7, 5 എന്നിങ്ങനെ വ്യത്യസ്ത ദിവസങ്ങൾ നീണ്ടുനിൽക്കുന്ന തരത്തിലാണ് ഓരോ ക്ഷേത്രങ്ങളിലും പൂരം കൊണ്ടാടുന്നത്. മാടായിക്കാവ്, മന്ദം പുറത്ത് കാവ് തുടങ്ങിയ മഹാക്ഷേത്രങ്ങളിൽ 9 നാൾ നീണ്ടുനിൽക്കുന്ന പൂരോത്സവമാണ്. തുരുത്തി നിലമംഗലം കഴകം, രാമവില്യം കഴകം, കുറുവന്തട്ട കഴകം, പാലക്കുന്ന് കഴകം തുടങ്ങിയ പ്രധാന കഴകങ്ങളിലും കരക്കക്കാവ് , കുഞ്ഞിമംഗലം അണിക്കര ഭഗവതി ക്ഷേത്രം, മല്ലിയാട്ട് പാലോട്ട് കാവ് തുടങ്ങിയ ക്ഷേത്രങ്ങളിൽ 7 ദിവസവും മറ്റു ചെറിയ ക്ഷേത്രങ്ങളിൽ 5 ദിവസവുമാണ് പൂരോത്സവം. എന്നാൽ പൂരംകുളി എല്ലായിടത്തും പൂരം നാളായ 17നാണ്.

മറുത്തുകളിയുമായി ബന്ധപ്പെട്ട ചടങ്ങുകൾ ക്ഷേത്രങ്ങളിൽ നേരത്തെ നടന്നു. നിശ്ചയിച്ച പ്രകാരം പണിക്കന്മാരെ കുട്ടിക്കൊണ്ടു വന്നതോടെ പൊന്നുവെക്കൽ, പന്തൽ കളി മാറൽ എന്നിവയ്ക്ക് ശേഷം കഴകം കയറൽ ചടങ്ങ് നടന്നു. പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിലെ കഴകം കയറൽ ഇന്നലെയായിരുന്നു.

കുഞ്ഞിമംഗലം അണിക്കര ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പി. ഭാസ്കരൻ പണിക്കരും മല്ലിയാട്ട് ക്ഷേത്രത്തെ പ്രതിനിധീകരിക്കുന്ന നകുലൻ പണിക്കരും തമ്മിൽ മറുത്തുകളി അരങ്ങേറും. 13നാണ് രാമവില്യം കഴകത്തിൽ മറത്തുകളി. ഉപക്ഷേത്രങ്ങളായ ശ്രീ ഒളവറ മുണ്ട്യക്കാവ്, പേക്കടം ശ്രീ കുറുവാപ്പള്ളി അറ എന്നിവ തമ്മിലാണ് മറുത്തുകളി. അണ്ടോൾ രത്നാകരൻ പണിക്കരും പിലിക്കോട് പവിത്രൻ പണിക്കരും പങ്കാളികളാകും. 14, 16 തീയ്യതികളിൽ കരക്കക്കാവ് ഭഗവതി ക്ഷേത്രവും വാണിയിലം സോമേശ്വരി ക്ഷേത്രവും തമ്മിലുള്ള മറുത്തുകളി അരങ്ങേറും. കൊയോങ്കര പൂമാല ഭഗവതി ക്ഷേത്രവും മാവുച്ചേരി ക്ഷേത്രവും തമ്മിലുള്ള മറുത്തുകളിയും ഇതേദിവസങ്ങളിൽ നടക്കും. 14 ന് പരവന്തട്ട പുലിയൂർ കാളി ക്ഷേത്രത്തിൽ സി.കെ. അഭിനന്ദ് പണിക്കരും യു.കെ. തമ്പാൻ പണിക്കരും ഏറ്റുമുട്ടും. 15 നാണ് തുരുത്തി നിലമംഗലം ഭഗവതി ക്ഷേത്രത്തിൽ മറുത്തുകളി. വടക്കരെ പ്രതിനിധീകരിച്ച് കെ.വി. കൃഷ്ണൻ പണിക്കരും തെക്കർ വിഭാഗത്തിനായി മധുപണിക്കരും അരങ്ങിലെത്തും. 14, 15 തീയ്യതികളിൽ കൊടക്കത്ത് കൊട്ടണച്ചേരി ക്ഷേത്രത്തിലെയും തങ്കയം കുന്നച്ചേരി ക്ഷേത്രത്തിലെയും പണിക്കന്മാർ തമ്മിൽ മാറ്റുരയ്ക്കും. ചന്തേര ചെമ്പിലോട്ട് ക്ഷേത്രത്തിൽ 16നാണ് മറുത്തുകളി.