കണ്ണൂർ: മൊബൈൽഫോണിൽ സംസാരിച്ച് അപകടകരമായി ബസ് ഓടിച്ച ഡ്രൈവർക്കെതിരെ കേസ്. മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം കേസെടുത്ത് ഡ്രൈവറുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാൻ ശുപാർശ ചെയ്തതായി കണ്ണൂർ ആർ.ടി.ഒ അറിയിച്ചു. പയ്യന്നൂർ- കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന വെസ്റ്റേൺ ബസിന്റെ ഡ്രൈവർക്കെതിരെയാണ് കണ്ണൂർ ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് പ്രമോദ് കുമാറിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ജഗൻലാലും സംഘവും വാഹന പരിശോധന നടത്തി കേസെടുത്തത്. ഡ്രൈവർ മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസ് ഓടിക്കുന്ന ദൃശ്യം യാത്രക്കാർ കാമറയിൽ പകർത്തി എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് അയച്ച് നൽകിയിരുന്നു.
അമിതകൂലി: ഓട്ടോ ഡ്രൈവർക്കെതിരെ കേസ്
തളിപ്പറമ്പ്: യാത്രക്കാരനിൽ നിന്നും അമിത വാടക ചോദിച്ചു വാങ്ങിയ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്തു. കെ.എൽ 58 ജെ 6693 നമ്പർ ഓട്ടോറിക്ഷ ഡ്രൈവറാണ് മീറ്ററിൽ ഉള്ളതിനേക്കാൾ 30 രൂപ അധികം ചോദിച്ചത്. മാർച്ച് ആറിന് തളിപ്പറമ്പ് ചിറവക്കിൽ നിന്നും തലോറ മുച്ചിലോട്ട്കാവ് വരെ യാത്ര ചെയ്ത യാത്രക്കാരനോട് അമിതകൂലി വാങ്ങുകയായിരുന്നു. നിവൃത്തിയില്ലാതെ തന്റെ കൈയിൽ ഉണ്ടായിരുന്ന 80 രൂപ നൽകിയ യാത്രക്കാരൻ ട്രാൻസ്‌പോർട്ട് കമ്മിഷണർക്കു പരാതി നൽകി. കണ്ണൂർ എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ പരിശോധയിലാണ് ഓട്ടോറിക്ഷ ഡ്രൈവർ കുടുങ്ങിയത്. ഡ്രൈവർക്കെതിരെ കേസെടുത്ത ഉദ്യോഗസ്ഥർ പെർമിറ്റ് മരവിപ്പിക്കുവാൻ തളിപ്പറമ്പ് ജോയിന്റ് ആർ.ടി.ഒക്ക് കൈമാറി.