
മട്ടന്നൂർ: മന്ത്രിസഭയിൽ സ്ഥാനം നേടിയില്ലെങ്കിലും സംസ്ഥാന ബഡ്ജറ്റിൽ തന്റെ നിയോജക മണ്ഡലത്തിന് വേണ്ടി സി.പി.എം കേന്ദ്രകമ്മിറ്റിയംഗമായ കെ.കെ.ശൈലജ എം.എൽ.എ തന്റെ നിയോജകമണ്ഡലത്തിനായി നേടിയെടുത്തത് വലിയ നീക്കിയിരുപ്പുകൾ.ഐ.ടി പാർക്ക് അടക്കം നിരവധി പ്രഖ്യാപനങ്ങളാണ് മട്ടന്നൂരിനായി പ്രഖ്യാപിച്ചത്.
അന്താരാഷ്ട്രവിമാനത്താവളത്തോടനുബന്ധിച്ച് മട്ടന്നൂരിൽ ഐ.ടി. പാർക്ക് ,ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ് തുടങ്ങിയവ സ്ഥാപിക്കുമെന്നതാണ് പ്രധാന പ്രഖ്യാപനം. പരിസ്ഥിതി സംരക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാണ യൂണിറ്റ് , മട്ടന്നൂർ ആയുർവേദ ആശുപത്രിയുടെ രണ്ടാംഘട്ട നിർമ്മാണത്തിന് 2 കോടി , വായന്നൂർവെക്കളം റോഡിന് 14.11 കോടി , പഴശ്ശി പദ്ധതിയുടെ കനാൽ നവീകരണത്തിന് 5 കോടി , വർക്കിംഗ് വുമൻസ് ഹോസ്റ്റൽ നവീകരണത്തിന് 2.25 കോടി ,പഴശ്ശി പൈതൃക ടൂറിസം പദ്ധതിക്കായി 3.25 കോടി എന്നിവയാണ് ബഡ്ജറ്റിൽ വകയിരുത്തിയത്. മട്ടന്നൂർ കൾച്ചറൽ കോംപ്ലക്സ് ആൻഡ് ആർട്സ് സെന്റർ, ചിറ്റാരിപ്പറമ്പ് നീന്തൽ കുളവും പരിശീലന കേന്ദ്രവും, മട്ടന്നൂർ ഇന്റർ നാഷണൽ സ്റ്റേഡിയം, ബഡ്സ് റീഹാബിലിറ്റേഷൻ സെന്റർ മാങ്ങാട്ടിടം, മട്ടന്നൂർ നിയോജക മണ്ഡലം കരിയർ ഗൈഡൻസ് & കോച്ചിംഗ് സെന്റർ, മട്ടന്നൂർ ഐബി നവീകരണം & ടൗൺഹാൾ നിർമാണം, കുയിലൂർ വളവ്പഴശ്ശി ഡാം റോഡ്, പടിയൂർവള്ളിത്തലആലത്തുപറമ്പ് റോഡ്, നിടുകുളം കടവ് പാലം, വളയാൽ പാലം, ഇരിക്കൂർ പാലം പുനർനിർമാണം, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ, കണ്ണവം പൊലീസ് സ്റ്റേഷൻ കെട്ടിട നിർമാണം, ബഡ്സ് സ്‌കൂൾ കെട്ടിട നിർമ്മാണം തില്ലങ്കേരി എന്നിവയ്ക്ക് ബഡ്ജറ്റിൽ പരാമർശമുണ്ട്.