
ശ്രീകണ്ഠപുരം (കണ്ണൂർ): അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ തോൽവിക്ക് പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സ്വന്തം ജില്ലയിൽ പോസ്റ്റർ പ്രതിഷേധം. 'അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകൾ" എന്ന വാചകങ്ങളോടെയുള്ള പോസ്റ്റർ 'സേവ് കോൺഗ്രസ്" എന്ന വാചകത്തോടെയാണ് ഒട്ടിച്ചിരിക്കുന്നത്.
ശ്രീകണ്ഠപുരം പാർട്ടി ഓഫീസിലും എരുവേശി, ഐച്ചേരി പ്രദേശങ്ങളിലും പോസ്റ്ററുകൾ പതിപ്പിച്ചു. സംസ്ഥാനത്ത് കെ.സിയുടെ ഏറ്റവും വിശ്വസ്തനായ അഡ്വ. സജീവ് ജോസഫ് എം.എൽ.എയുടെ ഓഫീസിന് പരിസരത്തും പോസ്റ്ററുകൾ പതിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് പോസ്റ്ററുകൾ പതിപ്പിച്ചിരിക്കുന്നത്. പോസ്റ്ററുകൾ ഇന്നലെ രാവിലെയോടെ കോൺഗ്രസ് പ്രവർത്തകർ മാറ്റി.
കോൺഗ്രസിന്റെ പരാജയത്തിന് പിന്നാലെ കണ്ണൂരിലെ പ്രദേശിക നേതാക്കൾ സമൂഹ മാദ്ധ്യമങ്ങളിലൂടെയും കെ.സി. വോണുഗോപാലിനെതിരെ രംഗത്തെത്തിയിരുന്നു. പോസ്റ്ററിന് പിന്നിൽ പാർട്ടി പ്രവർത്തകരാണെങ്കിൽ കർശന നടപടിയെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
മലയോരത്തെ കോൺഗ്രസുകാരുടെ നവമാദ്ധ്യമ ഗ്രൂപ്പുകളിലും വേണുഗോപാലിനെ വിമർശിച്ചുള്ള പോസ്റ്ററുകളും ഓഡിയോ സന്ദേശങ്ങളും പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ഇരിക്കൂറിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കിയതിനെതിരെയും കെ.സി. വേണുഗോപാലിനെതിരെ പോസ്റ്ററുകൾ പതിച്ചിരുന്നു.