മുഴപ്പിലങ്ങാട്:ഡ്രൈവ് ഇൻ ബീച്ചിൽ ചെറുകിട സ്റ്റാളുകൾക്ക് ലൈസൻസ് നൽകുന്നതിൽ പക്ഷപാതം കാട്ടുന്നതായി ആരോപണം. വിവിധ കുടുംബശ്രീ യൂണിറ്റിലെ അംഗങ്ങളാണെന്ന കാരണം പറഞ്ഞാണ് വനിതാസംരംഭകർക്ക് ലൈസൻസ് നൽകാതെ അധികൃതർ കളിപ്പിക്കുന്നതെന്നാണ് ചില വീട്ടമ്മമാരുടെ പരാതി..ആറ് വർഷത്തിനിടെ രണ്ടു തവണ അപേക്ഷിച്ചിട്ടും ഫയലിൽ അപേക്ഷ കാണാനില്ലെന്നായിരുന്നു ഡി.ടി.പി.സി. മറുപടിയെന്ന് സുഹറാബി എന്ന വീട്ടമ്മ പറഞ്ഞു. ഇതെ തുടർന്ന് മൂന്നാം തവണയും അപേക്ഷ കൊടുത്ത് കാത്തിരിക്കുകയാണിവർ.
ബീച്ചിൽ അഞ്ച് വർഷത്തിലേറെ കച്ചവടം ചെയ്ത പിതാവിന്റെ മരണ ശേഷം കുടുംബത്തിന്റെ സംരക്ഷണത്തിനായി കച്ചവടത്തിനിറങ്ങിയ പാച്ചാക്കരയിലെ ഫൗസിയയുടെ അപേക്ഷയും അവഗണിക്കപ്പെട്ടു. ബാങ്കിൽ നിന്ന് രണ്ട് ലക്ഷം രൂപ കടമെടുത്ത് കടലോരത്ത് ചെറിയ പെട്ടിക്കട പണിത് ചായക്കച്ചവടം തുടങ്ങിയെങ്കിലും വൈദ്യുതി കണക്ഷൻ കിട്ടാത്തത് തിരിച്ചടിയായി.പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്ത കട അനധികൃതമാണെന്നായിരുന്നു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിന്റെ നിലപാട്. അനുമതിയില്ലാത്ത സ്ഥാപനം പ്രസിഡന്റ് ഉദ്ഘാടനം ചെയ്തത് തെറ്റാണെന്നും അധികൃതർ പറഞ്ഞുകളഞ്ഞു.
ശനിയും ഞായറുമാണ് ബീച്ചിൽ സന്ദർശകരുടെ തിരക്ക്. വൈകുന്നേരം തുടങ്ങുന്ന കച്ചവടം ഇരുട്ട് വരെ നീളും. വൈദ്യുതി ഇല്ലാത്തതിനാൽ എമർജൻസിയും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും കട പൂട്ടും വരെ ഭയപ്പാടാണ്.ബീച്ചിൽ രണ്ട് സ്ഥാപനങ്ങൾക്ക് മാത്രമാണ് നിലവിൽ ലൈസൻസുള്ളത്. ഇവരുടെ ഭാഗത്ത് നിന്നും കച്ചവടത്തിന് എതിർപ്പുണ്ട്. ലൈസൻസ് ലഭിക്കാത്ത പത്തോളം ചെറിയ കച്ചവട സ്ഥാപനങ്ങൾ ഉണ്ട്. ഇവരെല്ലാം തന്നെ നാട്ടുകാരായിട്ടും തദ്ദേശീയ പരിഗണന പോലും ബന്ധപ്പെട്ടവരിൽ നിന്നും ലഭിക്കുന്നില്ലെന്നാണ് ആക്ഷേപം.
അടിസ്ഥാന സൗകര്യമോ, ഇല്ലേയില്ല
ബീച്ചിലെ വാഹന പാർക്കിംഗിനും മറ്റുമായി വലിയ വരുമാനം നേടുന്ന ഡി.ടി.പി.സി. ബീച്ചിലെത്തുന്ന സന്ദർശകർക്ക് പ്രാഥമിക സൗകര്യം പോലുമൊരുക്കുന്നില്ലെന്ന പരാതിയുമുണ്ട്.നേരത്തെ സ്ഥാപിച്ചവയെല്ലാം ബന്ധപ്പെട്ടവരുടെ അശ്രദ്ധ കാരണം പൊട്ടിപ്പൊളിഞ്ഞ് ഉപയോഗശൂന്യവുമാണ്. പ്രാഥമിക ആവശ്യങ്ങൾക്ക് പലരും കടലോരത്തെ വീട്ടുകാരെ ആശ്രയിക്കുകയാണിപ്പോൾ.സാമൂഹിക വിരുദ്ധരുടെ ശല്യവും ബിച്ചിലുണ്ട്.
കുടുംബത്തെ പോറ്റാൻ വേണ്ടി തുടങ്ങിയ കടക്ക് അനുമതി ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ
ബീച്ചിലെ ചെറുകിട കച്ചവടക്കാർക്ക് ലൈസൻസ് കൊടുക്കാനുള്ള സത്വര നടപടി സർക്കാർ കൈക്കൊള്ളണം
ടി.കെ.അനിലേഷ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്