vishnu
വിഷ്ണു

കൂത്തുപറമ്പ്: ആറ്‌പേർക്ക് പുതുജീവനേകിക്കൊണ്ട് വിടപറഞ്ഞ കൂത്തുപറമ്പ് തൃക്കണ്ണാപുരത്തെ എം.ടി.വിഷ്ണു (22) വിന് നാടിന്റെ അന്ത്യാഞ്ജലി. ഇന്നലെ വൈകിട്ടോടെ വീട്ടിൽഎത്തിച്ച മൃദേഹം കാണാൻ നിരവധി പേരാണ് എത്തിയിരുന്നത്. കഴിഞ്ഞ ദിവസം ബാംഗ്ലൂരിൽ ഉണ്ടായ ബൈക്ക് അപകടത്തിലാണ് കൂത്തുപറമ്പ് തൃക്കണ്ണാപുരം ഗ്രാമീണ വായനശാലക്ക് സമീപത്തെ നന്ദനത്തിൽ എം.ടി.വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്.

ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ വെള്ളിയാഴ്ച പുലർച്ചെ കോഴിക്കോട് ആസ്റ്റർ മിംസിലെത്തിക്കുമ്പോഴേക്കും മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു. തുടർന്ന് പ്രദേശത്തെ പൊതുപ്രവർത്തകർ വിഷ്ണുവിന്റെ അവസ്ഥ മാതാപിതാക്കളെ പറഞ്ഞ് മനസ്സിലാക്കുകയും അവയവദാനത്തിന്റെ സാദ്ധ്യതകളെ പറ്റി ബോധവത്കരിക്കുകയുമായിരുന്നു. മരണശേഷവും ആറ് പേരിലൂടെ അവൻ ജീവിക്കുമെങ്കിൽ അതാണ് ഞങ്ങൾക്ക് സന്തോഷം എന്ന് പറഞ്ഞാണ് വിഷ്ണുവിന്റെ പിതാവും മാതാവും അവയവദാനത്തിന് സമ്മതം നൽകിയത്. കരൾ, രണ്ട് വൃ്ക്കകൾ, ഹൃദയം, കോർണിയ എന്നിവയാണ് ദാനം ചെയ്തത്. ഇതിൽ ഒരു വൃക്കയും, കരളും, കോർണിയയും ആസ്റ്റർ മിംസിലെ തന്നെ രോഗികൾക്കാണ് ലഭ്യമാക്കിയത്. മറ്റുള്ള അവയവങ്ങൾ സർക്കാർ നിർദ്ദേശമനുസരിച്ച് വിട്ടുകൊടുക്കും. ബാംഗ്ലൂരിൽ ഏവിയേഷൻ കോഴ്സ് വിദ്യാർത്ഥിയായിരുന്നു വിഷ്ണു . കൂത്തുപറമ്പ് ബി.എസ്.എൻ.എൽ. ജീവനക്കാരനായ സുനിൽകുമാറിന്റെയും, എറണാകുളം കാംകോയിൽ ജോലി ചെയ്യുന്ന ടി ജിഷയുടെയും മകനാണ്. സഹോദരി കൃഷ്ണപ്രിയ മമ്പറം ഹയർ സെക്കന്ററി സ്‌കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്.സംസ്‌ക്കാര ചടടുകൾ വലിയ വെളിച്ചം ശാന്തി വനത്തിലാണ് നടന്നത്.