പിലിക്കോട് : ബൂട്ടും ജേഴ്‌സിയുമണിഞ്ഞ് എതിരാളികൾക്കു മുന്നിൽ പ്രതിരോധം തീർത്ത കാൽപ്പന്തുകളിക്കാരന് പട്ടും ആഭരണങ്ങളും തിരുവായുധവുമായി ക്ഷേത്രമുറ്റത്ത് തിരുവിളയാടാൻ നിയോഗം. പിലിക്കോടെ അരയാന്തുരുത്തി ഭാസ്കരനാണ് വിഷ്ണു മൂർത്തിയുടെ ദേവനർത്തകനായി ആചാരപെട്ടത് . ചെറിയ ഇടവേളയ്ക്ക് ശേഷമാണ് കരക്കക്കാവ് ഭഗവതി ക്ഷേത്രത്തിൽ ഒഴിഞ്ഞു കിടന്നിരുന്ന വിഷ്ണു മൂർത്തിയുടെ ദേവനർത്തക സ്ഥാനത്തേക്ക് പഴയ ഫുട്ബാൾ പ്രതിഭ ആചാരപ്പെടുന്നത് .
ക്ഷേത്രം പ്രവൃത്തിക്കാർ എന്ന സ്ഥാനം തുടരുന്നതിനിടെയാണ് ഭാസ്കരന്റെ ആചാരപ്പെടലുണ്ടായത്. സ്പോർട്സ് അക്കാഡമി കാസർകോട്, നീലേശ്വരം, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, എന്നിവിടങ്ങളിൽ പരിശീലകനായും സേവനമനുഷ്ഠിച്ചിരുന്നു. കെ.പി.രാഹുൽ എന്ന സന്തോഷ് ട്രോഫി താരത്തിന്റെ ഈ ആദ്യകാല കോച്ചുകൂടിയാണ് ഇദ്ദേഹം. ദീർഘകാലം സെവൻസ് ഫുട്ബോൾ മൈതാനങ്ങളിൽ റഫറിയായും നിറഞ്ഞു നിന്നിരുന്നു ജനതാ കണ്ണങ്കൈ, ലക്കി സ്റ്റാർ കോതോളി തുടങ്ങിയ ക്ലബ്ബുകളുടെ ഡിഫന്ററായി കളികളിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു അരയാതുരുത്തി ഭാസ്കരൻ.