 
തലശ്ശേരി: ഗുരുദേവ പ്രതിഷ്ഠാദിന വാർഷികം ക്ഷേത്ര മഹോത്സവത്തിന്റെ കൊടിയേറ്റ ദിനത്തിൽ തന്നെ കടന്നു വന്നുവെന്ന അപൂർവതയ്ക്കാണ് ഇക്കുറി ജഗന്നാഥസവിധം സാക്ഷിയാകുന്നത് . ഗുരുദേവൻ ജീവിച്ചിരിക്കെ സ്ഥാപിക്കപ്പെട്ട പ്രതിമയെന്ന നിലയിൽ ഏറെ ശ്രദ്ധേയമായ വിഗ്രഹമാണ് ഇവിടെയുള്ളത്.
ലോകത്തിലെ തന്നെ ആദ്യ ഗുരുദേവപ്രതിമയാണിതെന്നതും പ്രത്യേകതകളിലൊന്നാണ്. ഗുരു ജീവിച്ചിരിക്കെ, തന്നെയാണ് ഈ പ്രതിമ സ്ഥാപിതമായത്.വിദേശിയായ ഇറ്റാലിയൻ ശിൽപ്പി തവ്രലിയാണ് ഒരു നിയോഗം പോലെ ഇത് നിർമ്മിച്ചത്.ഗുരുവിന്റെ ജീവചരിത്രമെഴുതിയ മൂർക്കോത്ത് കുമാരനാണ് പ്രതിമാ നിർമ്മാണമെന്ന ആശയത്തിന്റെ ഉപജ്ഞാതാവ്. നിർദ്ധനരായ തൊഴിലാളി സംഘമാണ് പ്രതിമാനിർമ്മാണചിലവിന് മുന്നിട്ടിറങ്ങിയത്.ഗുരുദേവൻ തന്റെ അനന്തര ഗാമിയായി അഭിഷേകം ചെയ്ത ബോധാനന്ദ സ്വാമി പ്രസിഡന്റും ഉത്തര കേരളത്തിലെ മൂന്ന് ഗുരുപ്രതിഷ്ഠിത ക്ഷേത്രങ്ങളുടേയും ശിൽപ്പ താന്ത്രിക ചുമതല വഹിച്ച ചൈതന്യ സ്വാമി ഉപാദ്ധ്യക്ഷനും അടിമുടി ഗുരു ചിന്തകളിൽ നിമജ്ജനം ചെയ്ത മൂർക്കോത്ത് കുമാരൻ സെക്രട്ടറിയും ജ്ഞാനോദയ യോഗം ഓഫീസുപോലെ സ്വന്തം വീട് വിട്ടുനൽകിയ ഡയറക്ടർ മുണ്ടങ്ങാടൻ ഗോവിന്ദൻ ട്രഷററുമായിരുന്നു.
ഇവരൊക്കെ ഗുരുവിന്റെ ഹൃദയത്തിലിടം നേടിയവരുമായിരുന്നു. തൊഴിലാളികൾ ഒരു രൂപ വീതം പത്ത് മാസക്കാലം നൽകിയും കുറിപ്പയറ്റ് നടത്തിയും മൂർക്കോത്ത് ബർമ്മയിൽ പോയി പിരിവെടുത്തുമാണ് ധനസമാഹരണം നടത്തിയത്. ഇറ്റാലിയൻ ശിൽപ്പി പ്രൊഫ: തവ് റലിയെ ഒരു നിയോഗം പോലെ സിലോണി ലേക്കുള്ള യാത്രാമദ്ധ്യേ കപ്പലിൽ വച്ചാണ് മൂർക്കോത്ത് കുമാരൻ കണ്ടുമുട്ടിയത്. അന്നത്തെ പതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്. എന്നാൽ പിന്നീട് ഗുരുവിന്റെ മഹത്വം സ്വയം ബോദ്ധ്യമായ ശിൽപ്പി അയ്യായിരം മതി എന്ന് അറിയിക്കുകയായിരുന്നു. ഇറ്റലിയിലെത്തിയാലുടൻ പ്രതിമ നിർമ്മിച്ചയക്കാമെന്നും ഉറപ്പ് നൽകി.
അതിനിടയിൽ സിലോണിലുണ്ടായിരുന്ന മയ്യഴിക്കാരൻ സി.എച്ച്.കൃഷ്ണനും, മൂർക്കോത്തും പ്രതിമയുടെ ചെറുമാതൃക ഉണ്ടാക്കിത്തരണമെന്നാവശ്യപ്പെട്ടു. എന്നാൽ പിറ്റെ ദിവസം ഹോങ്കോങ്ങിലേക്ക് പോകേണ്ടിയിരുന്ന തവ് റലിക്ക് അത് കഴിയുമായിരുന്നില്ല. അപ്രതീക്ഷിതമായി അന്ന് രാത്രി ശിൽപ്പിക്ക് കലശലായ വയറിളക്കമുണ്ടായി. അസുഖം ഭേദമായാൽ പ്രതിമയുടെ മാതൃക നിർമ്മിക്കുമെന്ന് ശിൽപ്പി മനസാ നിശ്ചയിച്ചിരുന്നു. സ്വാമിയെ സ്വപ്നത്തിൽ ദർശിച്ചുവെന്നും, അപരിചിത ഭാഷയിൽ തന്നോട് സംസാരിച്ചുവെന്നും നേരം വെളുക്കും മുമ്പ് അസുഖം പൂർണ്ണമായി ഭേദമായെന്നും ശിൽപ്പി മൂർക്കോത്തിനോട് പറഞ്ഞപ്പോൾ താൻ അത്ഭുതപ്പെട്ടു പോയെന്ന് മൂർക്കോത്ത് കുമാരൻ രേഖപ്പെടുത്തിയിട്ടുണ്ട്. അന്നു തന്നെ പ്ലാസ്റ്റർ ഓഫ് പാരീസിൽ പ്രതിമയുടെ മാതൃക നിർമ്മിക്കുകയും ചെയ്തു.പ്രസിദ്ധ ഫോട്ടോഗ്രാഫർ പി.ശേഖരൻ പ്രതിമക്കാവശ്യമായ പടങ്ങൾ എടുക്കാൻ ശിവഗിരിയിലെത്തിയപ്പോൾ, ആവശ്യമറിഞ്ഞയുടൻ, കായ്ച് നിൽക്കുന്ന മാഞ്ചോട്ടിലിരുന്ന ഗുരു ശേഖരനോട് ചോദിച്ചു.അക്കാണുന്ന മാങ്ങയുടെ പടമെടുക്കാം. എന്നാലതിന്റെ രസ പടമെടുക്കാനാവുമോ? ഫോട്ടോഗ്രാഫർക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല.
ഇറ്റലിയിൽ നിന്ന് നിർമ്മിച്ച പ്രതിമ സിലോൺ വഴിയാണ് തലശ്ശേരിയിലെത്തിച്ചത്.ഈ പ്രതിമ സിലോൺ തുറമുഖത്ത് വെച്ച് ഗുരു നേരിൽ കാണുകയുണ്ടായി.'ഓ.. ഇതിന് ആഹാരം വേണ്ടല്ലോ. ജീവിച്ചുകൊള്ളും...' കണ്ട മാത്രയിൽ ഗുരുപ്രതിവചിച്ചത് ഇങ്ങിനെയായിരുന്നു.1927 മാർച്ച് 12ന് അർദ്ധരാത്രിയാണ് അഷ്ട കോൺമന്ദിരത്തിൽ, ദക്ഷിണാമൂർത്തി സങ്കൽപ്പത്തിൽ ഗുരുപ്രതിമ ബോധാനന്ദ സ്വാമികൾ പ്രതിഷ്ഠിച്ചത്.