ആലക്കോട്: മലയോര കർഷകരും ആദിവാസികളുമടക്കം ആയിരത്തിലധികം കുടുംബങ്ങൾ അധിവസിക്കുന്ന മലയോര കുടിയേറ്റഗ്രാമത്തിന്റെ അടിസ്ഥാന വികസനത്തിന് സർക്കാർ ഫണ്ട് അനുവദിച്ചിട്ട് മാസങ്ങൾ പലതുകഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങിയില്ല. ആലക്കോട് കാപ്പിമല 9 കിലോമീറ്റർ പി.ഡബ്ല്യു.ഡി റോഡിന്റെ നവീകരണപ്രവൃത്തി തുടങ്ങാൻ വൈകുന്നത് കാപ്പിമല പ്രദേശത്തുള്ള നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നു.
ആറു പതിറ്റാണ്ട് മുമ്പ് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതും മേജർ ഡിസ്ട്രിക്ട് റോഡ് പദവി നൽകി വന്നിരുന്നതുമായ ഈ റോഡിനോട് പൊതുമരാമത്ത് വകുപ്പിന് എന്നും ചിറ്റമ്മ നയമായിരുന്നു. നാലു പതിറ്റാണ്ട് കാലത്തെ മുറവിളികൾക്കൊടുവിൽ റോഡ് ടാർ ചെയ്തെങ്കിലും പിന്നീടുള്ള അറ്റകുറ്റപ്പണികൾ സമയാസമയങ്ങളിൽ നടത്താത്തതിനാൽ ടാർ ചെയ്തതിന്റെ ലക്ഷണം പോലും മിക്കയിടത്തുമില്ലാത്ത സ്ഥിതിയാണുള്ളത്. റോഡ് ഇടയ്ക്കിടയ്ക്ക് ജില്ലാ പഞ്ചായത്തിന് വിട്ടുകൊടുക്കുന്നതും പതിവാണ്.
പ്രമുഖ ഇക്കോ ടൂറിസ്റ്റ് കേന്ദ്രമായ വൈതൽമലയിലേയ്ക്ക് ഏറ്റവും എളുപ്പത്തിൽ എത്തിച്ചേരാനുള്ള വഴി എന്ന നിലയ്ക്ക് നിരവധി ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. രണ്ടു വർഷം മുമ്പ് ഈ റോഡ് മെക്കാഡം ടാറിംഗ് നടത്തുന്നതിന് എസ്റ്റിമേറ്റ് എടുക്കുകയുണ്ടായെങ്കിലും വൻതുക ചിലവുവരുമെന്ന കാരണംപറഞ്ഞ് പദ്ധതി നടപ്പിലാക്കിയില്ല. കഴിഞ്ഞ നാലുവർഷമായി യാതൊരു അറ്റകുറ്റപ്പണികളും നടത്താതിരുന്നതിനെത്തുടർന്ന് റോഡ് പൂർണ്ണമായും നശിച്ചു.
വാഹനഗതാഗതം കടുത്ത ദുരിതത്തിലായതോടെ ജനങ്ങളുടെ നിരന്തരമായ ശ്രമങ്ങൾക്കൊടുവിൽ 1.25 കോടി രൂപ പൊതുമരാമത്ത് വകുപ്പ് അനുവദിച്ചു. എന്നാൽ കാപ്പിമല ടൗൺ വരെയുള്ള 7.8 കിലോമീറ്റർ ദൂരത്ത് 5 റീച്ചുകളായി റീടാറിംഗ് നടത്തുന്നതിനാണ് തുക അനുവദിച്ചത്. ഇതിൽ 3 റീച്ചുകളുടെ ടെൻഡർ നടപടികൾ പൂർത്തിയായെങ്കിലും ടാറിംഗ് വൈകുകയാണ്.
കാൽനടയാത്രയ്ക്ക് പോലും കഴിയാത്ത വിധത്തിൽ തകർന്നുകിടക്കുന്ന ഈ റോഡിന്റെ ശനിദശ അടുത്ത മഴക്കാലത്തിനുമുമ്പെങ്കിലും തീരുമോയെന്നുമാത്രമാണ് നാട്ടുകാർക്ക് ഇനി അറിയാനുള്ളത്. നാല് ബസുകൾ സർവ്വീസ് നടത്തിയിരുന്ന ഈ റൂട്ടിൽ നിലവിൽ രണ്ട് ബസ്സുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്.