forest

കാസർകോട്: വനംവകുപ്പിന്റെയും മന്ത്രിയുടെ പാർട്ടിയുടെയും അതൃപ്തി സമ്പാദിച്ച കാസർകോട് ഡി. എഫ്. ഒ ധനേഷ് കുമാറിന്റെ കസേരക്ക് ഇളക്കംതട്ടി. കാസർകോട് വനം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിന്ന് കാസർകോട് തന്നെയുള്ള സോഷ്യൽ ഫോറസ്റ്റി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ തസ്തികയിലേക്കാണ് ധനേഷ് കുമാറിനെ മാറ്റി നിയമിച്ചത്. ഫോറസ്റ്റ് കൺസർവേറ്റർ തസ്തികയിൽ ഉണ്ടായിരുന്ന പി. ബിജുവിനെയാണ് കാസർകോട് ഡി എഫ് ഓ ആയി നിയമിച്ചിരിക്കുന്നത്.

പെരിയാർ ടൈഗർ റിസർവ് ഫോറസ്റ്റ്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്കും മാറ്റമുണ്ട്. ഭരണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ കത്ത് പ്രകാരമാണ് സർക്കാർ സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് സ്വദേശിയായ പി. ബിജു കേരളത്തിലെ ഏറ്റവും വലിയ വനം റേഞ്ചുകളായ കോടനാട്, മലയാറ്റൂർ, കാലടി എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ആറു മാസം മുമ്പാണ് കാസർകോട് സോഷ്യൽ ഫോറസ്റ്റി കൺസർവേറ്റർ ആയി നിയമിതനായത്. വനം വകുപ്പിന്റെ പ്രവർത്തനങ്ങൾ കാസർകോട് ജില്ലയിൽ കാര്യക്ഷമമാക്കുന്നതിന് ശ്രമിക്കുന്നില്ലെന്നും വകുപ്പിൽ ബാഹ്യശക്തികളുടെ ഇടപെടലിന് കളമൊരുക്കുന്നുവെന്നും ആരോപിച്ച് ധനേഷ് കുമാറിന്റെ പ്രവർത്തനത്തിനുള്ള അതൃപ്തി എൻ.സി.പി കാസർകോട് ജില്ലാ പ്രസിഡന്റ് രവി കുളങ്ങരയും നേതാക്കളും വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനെയും സംസ്ഥാന പ്രസിഡന്റ് പി. സി ചാക്കോയേയും നേരിട്ട് കണ്ട് ധരിപ്പിച്ചിരുന്നു.

വയനാട് മുട്ടിൽ മരംമുറി വിഷയവുമായി ബന്ധപ്പെട്ട വിവാദത്തിനിടെ അഞ്ചു മാസം മുമ്പാണ് ധനേഷ് കുമാർ കാസർകോട് ഡി.എഫ് ഒ ആയി ചുമതലയേറ്റത്. എൻ.സി.പി നേതാക്കളോട് ഡി.എഫ് .ഒ പരുഷമായി പെരുമാറിയെന്നാണ് ഇദ്ദേഹത്തിനെതിരെയുയർന്ന ആരോപണം. വകുപ്പ് മന്ത്രിയുടെ പാർട്ടി നേതാക്കളെ ക്വാറി മാഫിയയുടെ ആളുകളായി ചിത്രീകരിച്ചെന്നും ആരോപണമുയർന്നിരുന്നു.അതെസമയം ഡി.എഫ് ഒയുടെ സ്ഥലംമാറ്റത്തെ കുറിച്ച് അറിയില്ലെന്നും ഇതിൽ പാർട്ടി ഇടപെട്ടിട്ടില്ലെന്നും സർക്കാരിന്റെ ഭരണപരമായ ഉത്തരവ് ആയിരിക്കാമെന്നുമായിരുന്നു എൻ. സി. പി ജില്ലാ പ്രസിഡന്റ് രവി കുളങ്ങരയുടെ പ്രതികരണം. നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് ഡി എഫ് ഒ ആയി ബിജു തിങ്കളാഴ്ച ചുമതലയേൽക്കും.

രണ്ടുതവണ റദ്ദാക്കിയ ഉത്തരവ്

വനം വകുപ്പിന്റെ കാസർകോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ പി. ബിജുവിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് 2016 ന് ശേഷം സർക്കാർ രണ്ടു തവണ ഇറക്കിയിരുന്നു. എന്നാൽ ഉന്നതതലങ്ങളിലെ ഇടപെടലും സമ്മർദ്ദവും കാരണം രണ്ടുതവണയും നിയമന ഉത്തരവ് റദ്ദ് ചെയ്തു. പലതവണ അട്ടിമറിക്കപ്പെട്ട ഉത്തരവാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. 2016 ഇദ്ദേഹത്തിന്റെ നിയമന ഉത്തരവ് മരവിച്ച് മറ്റൊരാളെ നിയമിച്ചിരുന്നു.