കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ യൂണിഫോം സേനയിലേക്ക് പരിശീലിപ്പിക്കുന്ന പട്ടിക വർഗ മേഖലയിലെ യുവാക്കൾ കണ്ണൂർ പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയുമായി കണ്ണൂർ കോട്ടയിൽ സംവദിച്ചു. കഴിഞ്ഞ രണ്ടു മാസമായി നടക്കുന്ന പരിശീലന പരിപാടിയിലെ അനുഭവങ്ങൾ യുവതി യുവാക്കൾ കമ്മിഷണറുമായി പങ്കുവെച്ചു.
നിരന്തര പരിശ്രമം ഉണ്ടായാൽ ആഗ്രഹിച്ച ജോലിയിൽ പ്രവേശിക്കാൻ കഴിയുമന്ന് കമ്മിഷണർ പറഞ്ഞു. മറ്റെന്തെങ്കിലും ജോലി ലഭിച്ചാലും പൊലീസിൽ ചേരണമെന്ന ആഗ്രഹത്തിൽ നിന്ന് പിന്മാറരുത്. ജോലിയിരിക്കെ തന്നെ പരിശീലനം തുടരുക. അതു വഴി ആഗ്രഹിച്ച പൊലീസ് ജോലി നേടണമെന്നും അദ്ദേഹം യുവാക്കളോട് പറഞ്ഞു.
സമൂഹത്തിൽ വളർന്നു വരുന്ന ലഹരിക്കെതിരായ ഇടപെടലുകൾ എല്ലാവരും നടത്തണമെന്നും സുഹൃത്തുക്കളോടും മറ്റും ഇക്കാര്യം ശ്രദ്ധയിൽ പെടുത്തണമെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. വിദ്യാഭ്യാസത്തിൽ മുന്നിൽ നിൽക്കുന്ന കേരളത്തിൽ ലഹരി വർദ്ധിക്കുന്നത് നാണക്കേടാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പതിനഞ്ച് ലക്ഷം രൂപ ചെലവിട്ടാണ് പട്ടിക വർഗ യുവതീയുവാക്കൾക്കായി യുണിഫോം സേനയിലേക്ക് പരിശീലനം ആരംഭിച്ചത്. ഈ മാസം 20ന് പരിശീലനം പൂർത്തിയാക്കും. മയ്യിലിലെ ഡ്രോൺ അക്കാഡമിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. കണ്ണൂർ കോട്ടയിൽ കമ്മിഷണറുമായി നടത്തിയ സംവാദത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.കെ. സുരേഷ്ബാബു എന്നിവർ സംബന്ധിച്ചു.
പരിശീലനത്തിന് 300 പേർ
ആറളം ഫാമിൽ നിന്ന് 141 യുവതി യുവാക്കൾ ഉൾപ്പെടെ ജില്ലയിൽ നിന്ന് മുന്നൂറ് പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. ഇതിൽ 97 പെൺകുട്ടികളാണ്. ആഴ്ചകളിൽ ശനിയും ഞായറുമാണ് ആറളം ഫാം സ്‌കൂളിൽ പരിശീലന പരിപാടി നടത്തുന്നത്. രാവിലെ എട്ട് മണി മുതൽ പത്ത് വരെ ഫിസിക്കൽ ട്രെയിനിംഗും 11 മണി മുതൽ ഒരു മണി വരെ ക്ലാസുമാണ് നൽകുക. പരിശീലനത്തിൽ പങ്കെടുക്കുന്നവർക്ക് യൂണിഫോമും ഭക്ഷണവും ജില്ലാ പഞ്ചായത്ത് നൽകും.