mavo
മാവോയിസ്റ്റ് സാന്നിദ്ധ്യത്തെത്തുടർന്ന് അമ്പായത്തോട്ടിൽ പോലീസ് സംഘം തെളിവെടുപ്പ് നടത്തുന്നു

കൊട്ടിയൂർ: അമ്പായത്തോട് താഴെ പാൽച്ചുരം കോളനിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മാവോയിസ്റ്റുകൾ എത്തിയ സംഭവത്തിൽ യു.എ.പി.എ ചുമത്തി കേസെടുത്തു. .താഴെ പാൽച്ചുരം കോളനിക്ക് സമീപമുള്ള വീട്ടിൽ വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് നാലംഗ സംഘ മാവോയിസ്റ്റുകൾ എത്തിയത്.

ആദ്യം മാവോയിസ്റ്റുകൾ എത്തിയ വീട്ടിൽ കുട്ടികൾ മാത്രമാണ് ഉണ്ടായിരുന്നത്.മാവോയിസ്റ്റുകൾ വാതിലുകൾ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും കുട്ടികൾ വാതിലുകൾ തുറക്കാത്തതിനെ തുടർന്നാണ് അവർ സമീപത്തെ വയലിത്തര ബാലചന്ദ്രന്റെ വീട്ടിലെത്തിയത്.വീടിന്റെ പുറത്ത് കട്ടിലിൽ കിടക്കുകയായിരുന്ന ബാലചന്ദ്രന്റെ മകനാണ് മാവോയിസ്റ്റുകളെ ആദ്യം കണ്ടത്. മാവോയിസ്റ്റാണെന്ന് പരിചയപ്പെടുത്തി വീട്ടിലുള്ളവരെ വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ധനേഷ് പറഞ്ഞു.അരമണിക്കൂറോളം അവിടെ ചെലവിട്ട മാവോയിസ്റ്റുകൾ അരിയും പഴവും ചോറും തണ്ണിമത്തനുൾപ്പെടെയുള്ള സാധനങ്ങളുമായാണ് മടങ്ങിയത്. മലയാളത്തിലാണ് നാലുപേരും സംസാരിച്ചതെന്നും എല്ലാവരുടെ കൈയിലും തോക്കുകൾ ഉണ്ടായിരുന്നുവെന്നും ധനേഷ് പറഞ്ഞു. കൂട്ടത്തിൽ ഒരാൾ കൈയുടെ പകുതി നഷ്ടപ്പെട്ടയാളാണെന്നും ധനേഷ് പൊലീസിനോട് പറഞ്ഞു.

സംഭവത്തിൽ പേരാവൂർ ഡിവൈ.എസ്.പി. എ.വി.ജോൺ,കേളകം എസ്.എച്ച്.ഒ ജാൻസി മാത്യു എന്നിവർ വീട്ടിലെത്തി ധനേഷിന്റെ മൊഴി രേഖപ്പെടുത്തി.പോലീസ് ധനേഷിനെ മാവോയിസ്റ്റുകളുടെ ചിത്രങ്ങൾ കാണിച്ച് ആരെക്കെയാണ് വന്നതെന്ന് സ്ഥിരീകരിച്ചു.മാവോയിസ്റ്റ് നേതാവ് മൊയ്തീന്റെ നേതൃത്വത്തിൽ രമേശ്, കവിത, രവീന്ദ്രൻ എന്നിവരാണ് വീട്ടിലെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.വന്ന മാവോയിസ്റ്റുകളുടെ പേരിൽ യു.എപിഎ പ്രകാരം കേളകം പോലീസ് കേസെടുത്തു.കഴിഞ്ഞ ദിവസം വനത്തിൽ വെച്ച് വനപാലകർ മൂന്നംഗ മാവോയിസ്റ്റുകളെ കണ്ടതായി പോലീസിനു മൊഴി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലും പോലീസ് യു.എ.പി.എ പ്രകാരം കേസെടുത്തിട്ടുണ്ട്.വീണ്ടും അമ്പായത്തോട് പ്രദേശത്ത് മാവോയിസ്റ്റുകൾ എത്തിയതോടെ കൊട്ടിയൂർ വനത്തിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ ശക്തമാക്കാനാണ് പോലീസ് തീരുമാനം.