തലശ്ശേരി: 1083 കുംഭമാസം ഒന്നാം തീയ്യതി പുലർച്ചെ മൂന്നിന് ബ്രാഹ്മമുഹൂർത്തത്തിലായിരുന്നു ജഗന്നാഥ ക്ഷേത്രത്തിൽ ഗുരു ശിവപ്രതിഷ്ഠ നടത്തിയത്. കുളിച്ച് ഈറനണിഞ്ഞ് പുതുതായി നിർമ്മിച്ച ശ്രീകോവിലിലേക്ക് വാതിൽ തുറന്ന് പ്രവേശിക്കുന്നത് തിങ്ങിനിറഞ്ഞ വിശ്വാസ സമൂഹം കണ്ടിരുന്നു. അകത്ത് പ്രവേശിച്ച ഉടൻ വാതിലടച്ച് പ്രതിഷ്ഠ നടത്തി. എന്നാൽ വാതിൽ തുറന്ന് പുറത്തുവന്നത് ആരും കണ്ടില്ലത്രെ.
ഗുരുവിനെ കാണാതെ പരവശരായ ജനങ്ങൾ പകൽ മുഴുവൻ അന്വേഷിച്ചു നടന്നു. ഒടുവിൽ ചക്യത്ത് മുക്കിൽനിന്നും മയ്യഴിയിലേക്ക് ഗുരു ഒരു ജഡ്ക വണ്ടിയിൽ യാത്ര ചെയ്തതായി അറിവായി. അന്വേഷിച്ച് മയ്യഴിയിലെത്തിയവർക്ക് കാണാൻ കഴിഞ്ഞത് തന്റെ ശിഷ്യനായ പുത്തലത്തെ കുങ്കൻ വൈദ്യരുടെ വീട്ടിൽ ഗുരുദേവൻ വിശ്രമിക്കുന്നതാണ്.
പുണർതം നക്ഷത്രത്തിലാണ് പ്രതിഷ്ഠ നടന്നത്. തുടർന്ന് ഉത്രം നക്ഷത്രത്തിൽ ത്രിസന്ധ്യക്ക് ശേഷം പുർണ്ണചന്ദ്രൻ ഉദിച്ചുയരുന്നത് എല്ലാവരും കണ്ടതാണ്. അത് ഇന്നും തുടരുന്നു. പ്രതിഷ്ഠാ വേളയിൽ ക്ഷേത്രത്തിനു മുൻവശത്ത് ഇന്നും നിലനിൽക്കുന്ന അരയാൽ മരത്തിൽ രണ്ട് ഗരുഢർ പറന്നെത്തിയതായും പ്രതിഷ്ഠയ്ക്ക് ശേഷമാണ് അവ പറന്നുപോയതെന്നും പിന്നീടൊരിക്കലും കണ്ടതായി ഓർക്കുന്നില്ലെന്നും കുമാരസ്വാമി സന്യാസി രേഖപ്പെടുത്തിയിട്ടുണ്ട്. ഗുരുവിനെക്കുറിച്ച് ചെറുതും വലുതുമായ 156 പുസ്തകങ്ങൾ എഴുതി അച്ചടിച്ച് ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്ത കുമാരസ്വാമിക്ക് ഗുരുദേവൻ തന്നെയാണ് കാഷായവസ്ത്രം നൽകി അനുഗ്രഹിച്ചത്.
ഒരു പഞ്ചാംഗത്തിലും കലണ്ടറിലും നോക്കിയായിരുന്നില്ല ഗുരു മുഹൂർത്ത സമയം കുറിച്ചതത്രെ! ഒടുവിലത്തെ രണ്ട് ദിവസത്തെ ഉത്സവത്തിന് ഒരു നാൾ സന്ധ്യക്ക് 48 മിനുട്ടും, (രണ്ട് നാഴിക) പിറ്റേദിവസം 96 മിനുട്ടും (നാല് നാഴിക) ഇരുട്ടായിരിക്കും. ഇതിനെ 'മുന്നിരുട്ടെ'ന്നാണ് പറയുന്നത്.
ക്ഷേത്രപ്രതിഷ്ഠയ്ക്ക് കഷ്ടിച്ച് രണ്ടു മാസം മാത്രം ബാക്കി നിൽക്കവെ, ആലുവ അദ്വൈതാശ്രമത്തിൽ നിന്നും വന്ന ടെലിഗ്രാം വായിച്ച് ഉത്തരകേരളത്തിലെ ഗുരുഭക്തർ ഒന്നാകെ ഞെട്ടിത്തരിച്ചു പോയി.'ശ്രീ നാരായണ ഗുരുസ്വാമിക്ക് കോളറ ബാധിച്ചിരിക്കുന്നു'.
വിവരമറിഞ്ഞ് ഇംഗ്ലീഷ് മരുന്ന് വ്യാപാരിയായ വരതൂർ കാണിയിൽ കുഞ്ഞിക്കണ്ണൻ ആലുവയിലെത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു! പായയിൽ കെട്ടിയ ഒരു മൃതദേഹം കൊണ്ടുപോകുന്നത് നേരിൽ കണ്ട അദ്ദേഹം വാവിട്ട് നിലവിളിച്ചു. അന്തേവാസികൾ ആശ്വസിപ്പിച്ചു. 'പെരിയസ്വാമിയല്ല, ചിന്നസ്വാമിയാണ്.' കുഞ്ഞിക്കണ്ണന് ശ്വാസം നേരെ വീണത് അപ്പോഴാണ്. ആയുർവ്വേദ, അലോപ്പതി ഡോക്ടർമാരുമായി ആലോചിച്ച് മരുന്നുകൾ തയ്യാറാക്കി ഗുരുവിന് നൽകി. എറണാകുളത്ത് പോയി കസ്തൂരി വാങ്ങിക്കൊണ്ടുവന്ന് ഗുരുവിന് പല തവണ നൽകി. അർദ്ധരാത്രി ഗുരു കരിക്കുവെള്ളം വേണമെന്നാവശ്യപ്പെട്ടു. ജീവിതത്തിൽ തെങ്ങ് കയറിയിട്ടില്ലാത്ത കുഞ്ഞിക്കണ്ണൻ ഒരു വിധം തെങ്ങിൽക്കയറി ഇളനീർ പറിച്ച് വെള്ളം നൽകി. ക്രമേണ രോഗം ഭേദമായി. നിശ്ചയിച്ചപോലെ തന്നെ ജഗന്നാഥ ക്ഷേത്ര പ്രതിഷ്ഠയും നടന്നു.