മാഹി: ഇക്കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേയും ബ്ലോക്ക് പ്രസിഡന്റ് കൂടിയായ പാർട്ടി സ്ഥാനാർത്ഥി രമേശ് പറമ്പത്തിനേയും പരസ്യമായി അപകീർത്തിപ്പെടുത്താനും, അവഹേളിക്കാനും ശ്രമിച്ചതിന് യൂത്ത് കോൺഗ്രസ് മുൻ മേഖലാ പ്രസിഡന്റ് അൻസിൽ അരവിന്ദ്, അലി അക്ബർ ഹാഷിം, കെ.വി. ഹരീന്ദ്രൻ എന്നിവർക്ക് ഷോക്കോസ് നോട്ടീസ്.
പേമെന്റ് സീറ്റിലാണ് രമേശ് പറമ്പത്ത് മത്സരിക്കുന്നതെന്ന് മാഹി പ്രസ് ക്ലബ്ബിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഇവർ ആരോപണമുന്നയിച്ചിരുന്നു. ഔദ്യോഗിക സ്ഥാനാർത്ഥിയേയും, പാർട്ടിയേയും പരസ്യമായി അധിക്ഷേപിക്കുകയും, അവഹേളിക്കുകയും ചെയ്തതിന് തെളിവുകളോട് കൂടിയ പരാതികൾ ലഭിച്ചതിനെത്തുടർന്നാണ് പി.സി.സി.അദ്ധ്യക്ഷൻ എ.വി. സുബ്രഹ്മണ്യൻ നോട്ടീസ് നൽകിയിട്ടുള്ളത്.15 ദിവസത്തിനകം വിശദീകരണം നൽകുന്നില്ലെങ്കിൽ, ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും പി.സി.സി.അദ്ധ്യക്ഷൻ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.