തൃക്കരിപ്പൂർ: നാലു പതിറ്റാണ്ടു നീണ്ട ക്ഷേത്ര ശില്പകലാസപര്യയിലൂടെ മുരളീ രവിവർമൻ പൂർത്തിയാക്കിയത് 200ൽപ്പരം കിം പുരുഷൻ രൂപങ്ങൾ.
മുംബയ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ മുത്തപ്പൻ ക്ഷേത്രങ്ങളിലെ രൂപങ്ങളുടെ നിർമ്മാണത്തിലും പെയിന്റിംഗിലും മുഖ്യ പങ്കാളിത്തം വഹിച്ച ഈ 47 കാരൻ ഒമ്പതാം വയസിൽ കുടുംബാംഗങ്ങൾക്കൊപ്പം ദാരുശിൽപ നിർമ്മാണത്തിൽ തുടക്കമിട്ടു. ഇതിനകം കാസർകോട്- കണ്ണൂർ ജില്ലകളിലെ പ്രമുഖ ക്ഷേത്രങ്ങളിലും കാവുകളിലുമെല്ലാം തന്നെ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാൻ മുരളിക്ക് സാധിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ മാടായിയിൽ ജനിച്ചു വളർന്ന മുരളീ രവിവർമൻ 15 വർഷത്തോളമായി തൃക്കരിപ്പൂർ മൈത്താണിയിലാണ് താമസം. പ്രമുഖ ശില്പി കൊയോങ്കരയിലെ പരേതനായ കെ.പി.ചന്തുക്കുട്ടിയാണ് ക്ഷേത്രശില്പകലയിലെ ഗുരുനാഥൻ. ഇനാമൽ, അക്രലിക് പെയിന്റുകൾ ഉപയോഗിച്ചു വരക്കുന്നതിൽ വിദഗ്ദ്ധനാണ്. 2014 ൽ തളിപ്പറമ്പ് മഴൂർ ബലഭദ്ര സ്വാമി ക്ഷേത്രത്തിൽ നിന്നും പട്ടും വളയും നൽകി മുരളിയെ ആദരിച്ചിരുന്നു.
ചെറുതാഴം രാഘവപുരം ക്ഷേത്രം, ഒളവറ മുണ്ട്യക്കാവ്, മാടായി മുച്ചിലോട്ട് ക്ഷേത്രം, മാടായി കൂർമ്പ ഭഗവതി ക്ഷേത്രം ഉൾപ്പെടെ ഏതാണ്ട് 300 ലധികം ക്ഷേത്രങ്ങളിൽ ശില്പങ്ങളും ചിത്രങ്ങളുമൊരുക്കിയിട്ടുണ്ട്. മൈത്താണിയിലെ വീട്ടിൽ ഭാര്യ പ്രീതയും മകൾ നന്ദനയുെ ഒപ്പമുമുണ്ട്.