ചക്കരക്കൽ: കഴിഞ്ഞ ആറുമാസത്തിനിടെ ചക്കരക്കൽ പൊലീസ് സ്‌റ്റേഷൻ പരിധിയിൽനടന്ന മോഷണപരമ്പരയ്ക്കു പിന്നിൽ ഒരേ സംഘമെന്ന നിഗമനത്തിൽ പൊലീസ്. മോഷണം നടത്തേണ്ട സ്ഥലത്തേക്ക് കുറിച്ചു കൃത്യമായി വിവരം ലഭിച്ചതനുസരിച്ചു ആസൂത്രണം ചെയ്തു നടത്തിയ മോഷണങ്ങളാണ് മുഴുവനും. ആറിലേറെ പൂട്ടിയിട്ട വീടുകൾ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ആറുമണിക്കൂറുമുതൽ ഒന്നോ രണ്ടോ ദിവസങ്ങൾ പൂട്ടിയിട്ട വീടുകളാണ് കുത്തിത്തുറന്നത്.
2021 സെപ്തംബർ 12 നാണ് ചക്കരക്കൽ ചൂളയിലെ ആമിന മൻസിലിൽ ടി.പി. മുഹമ്മദിന്റെ വീട്ടിലെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ച സ്വർണാഭരണം മോഷ്ടിച്ചത്. എല്ലാ മുറികളിലെയും അലമാരകളും മറ്റും വാരിവലിച്ചിട്ട നിലയിലായിരുന്നു. പതിനാലര പവൻ ആഭരണമാണ് കർന്നത്.
പിന്നീട് കവർച്ച നടന്നത് കണയന്നൂർ മുലേരി പൊയിൽ ഖദീജയുടെ വീട്ടിലാണ്. കുടുംബം രണ്ട് ദിവസം കഴിഞ്ഞ് വന്നപ്പോഴാണ് വീട് കുത്തിത്തുറന്ന് രണ്ട് പവനിൽ അധികം സ്വർണം കവർന്നത് അറിയുന്നത്.
സമാന രീതിൽ കണയന്നൂരിലെയും കാഞ്ഞിരോടെ മറ്റൊരു വീട്ടിലും മോഷണം നടന്നിരുന്നു.
കഴിഞ്ഞ ജനുവരി 12നാണ് മുഴപ്പാല പാറപ്രം അജിത്തും കുടുംബവും കൂന്നത്തൂർ പാടിയിൽ ഉത്സവത്തിന് പോയി തിരിച്ചു വരുമ്പോഴേക്കും വീട് കുത്തിതുറന്ന് മൂന്ന് പവനും വിദേശ കറൻസിയും കളവ് പോയത്. ഇതിനു സമാനമായ കളവാണ് കഴിഞ്ഞ ദിവസം
കണ്ണാടിവെളിച്ചത്ത് നടന്നത്. മത്തിപാറയിലെ ജസ്‌ന നിവാസിൽ കണിയാങ്കണ്ടി റോജയുടെ വീട്ടിലായിരുന്നു കവർച്ച. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ റോജയും കുടുംബവും ചാമ്പാട് കൂറുമ്പ ക്ഷേത്രത്തിലെ ഉത്സവത്തിന് പോയിരുന്നു. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന സംഭവം അറിഞ്ഞത്. മുഴുവൻ അലമാരകളും മോഷ്ടാക്കൾ കുത്തിത്തുറന്ന് 12 പവൻ സ്വർണ്ണമാണ് കവർന്നത്. വീടിനു പുറകുവശത്തെ ഗ്രിൽസും വാതിലും വെട്ടിപൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കടന്നത്.
ഈ മാസം തുടക്കത്തിൽ എടക്കാട് പൊലീസ് സ്‌റ്റേഷൻപരിധിയിലെ തോട്ടടയിലും പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് ആറുപവൻ കവർന്നിരുന്നു. കഴിഞ്ഞ ജനുവരിയിൽ കണ്ണൂർ നഗരത്തിലെ താണയിൽ ഡോക്ടറുടെ വീടും കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. വാരത്ത് വയോധിക മോഷണ ശ്രമത്തിനിടെ കൊല്ലപ്പെട്ടതും നാടിനെ നടുക്കിയ സംഭവങ്ങളിലൊന്നായിരുന്നു.
സി.സി.ടി.വിയിൽ കുടുങ്ങിയില്ല:
ഇത്രയും മോഷണങ്ങൾ നടന്നിട്ടും എവിടെയും സി.സി ടി.വി ദൃശ്യങ്ങളിൽ മോഷ്ടാക്കൾ കുടുങ്ങിയിട്ടില്ലെന്നതാണ് പൊലീസിനെ വെള്ളം കുടിപ്പിക്കുന്നത്. സി.സി ടി.വി കാമറകൾ സ്ഥാപിക്കാത്ത പൂട്ടിയിട്ട വീടുകൾ കേന്ദ്രീകരിച്ചാണ് കവർച്ചകൾ നടന്നത്. ഇതുതദ്ദേശീയരായവർ വിവരം നൽകാതെ നടത്താനാവില്ലെന്നാണ് പൊലീസ് പറയുന്നത്.