over-bridge
പെരിങ്ങാടി റെയിൽവേ ഗേറ്റിൽ വാഹനങ്ങളുടെ നീണ്ട നിര

ന്യൂമാഹി: അടച്ചിട്ട റെയിൽവേ ഗേറ്റിന് ഇരുപുറവും കിലോമീറ്റർ നീളും വിധം വാഹനങ്ങൾ ക്ഷമകെട്ട് കാത്തിരിക്കേണ്ടി വരുന്ന പെരിങ്ങാടിയിൽ, റെയിൽവേ ഓവർബ്രിഡ്ജിനായുള്ള മുറവിളിക്ക് പരിഹാരമില്ല. അധികൃതരുടെ പച്ചക്കൊടിയില്ലാത്തത് ആയിരക്കണക്കായ യാത്രികരേയും, നിത്യേന കടന്നുപോകുന്ന നൂറുകണക്കിന് വാഹനങ്ങളേയും ഊരാക്കുടുക്കിലാക്കുന്നു. ട്രെയിൻ കടന്നുപോകുമ്പോൾ ചുരുങ്ങിയത് പെരിങ്ങാടി ഗേറ്റിൽ അരമണിക്കൂറെങ്കിലും കാത്തുനിൽക്കേണ്ടിവരും.

വാഹനങ്ങളുടെ നിര നീളുന്നതോടെ, വളവ് തിരിവുകളുള്ള റോഡിൽ ഗതാഗതക്കുരുക്കും മുറുകും. ഇത്‌ വാക്കുതർക്കത്തിനുമിടയാക്കുന്നു. ഗതാഗതം നിയന്ത്രിക്കാൻ രാവിലെയും വൈകിട്ടും പൊലീസിനെ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. തലശേരി- മാഹി ബൈപ്പാസ്‌ മൂന്ന് മാസങ്ങൾക്കുള്ളിൽ യാഥാർത്ഥ്യമാകുമ്പോൾ, ഇതുവഴി പോകുന്ന വാഹനങ്ങൾ ഇരട്ടിയാകും. മാഹിയിലേക്കും, നിർദ്ദീഷ്‌ട മയ്യഴിപ്പുഴ ടൂറിസം കേന്ദ്രങ്ങളിലേക്കും, ദേശീയപാത ബൈപാസിൽനിന്ന്‌ വാഹനങ്ങൾ കടന്നുവരിക ഇതുവഴിയാണ്. കുടക്‌, വയനാട്‌ ഉൾപ്പെടെയുള്ള കിഴക്കൻ മേഖലയിൽനിന്ന് മാഹിയിലേക്കുള്ള പ്രധാനപാതയാണ് പെരിങ്ങാടി-മാഹി റോഡ്. മാഹി റെയിൽവേ സ്റ്റേഷന് അടുത്താണ് ഈ ഗേറ്റ് സ്ഥിതി ചെയ്യുന്നത്.

അപ്രധാന റോഡുകൾക്ക് പോലും ഓവർബ്രിഡ്ജ് കിട്ടുമ്പോൾ പെരിങ്ങാടി മാത്രം പരിഗണിക്കപ്പെടാതെ പോകുന്നതിൽ നാട്ടുകാർക്കും ശക്തമായ പ്രതിഷേധമുണ്ട്.

പെരിങ്ങാടി എന്നും പുറത്ത്

ഇവിടെ ഓവർബ്രിഡ്ജ് വേണമെന്ന ആവശ്യത്തിന്‌ പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്‌. പ്രധാന റെയിൽവേ ലെവൽക്രോസുകളിലെല്ലാം ഓവർബ്രിഡ്ജ് നിർമ്മിക്കാൻ നടപടി ആരംഭിച്ചപ്പോൾ, മാഹിപ്പാലം -ചൊക്ലി റോഡിലെ പെരിങ്ങാടിയിൽ മാത്രം പരിഗണിച്ചില്ല. അതിരൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന മേഖലയായി ചൊക്ലി - മാഹി പൊതുമരാമത്ത് റോഡിലെ പെരിങ്ങാടി റെയിൽവേ ഗേറ്റ് ഇന്ന് മാറിയിട്ടുണ്ട്.

അടിയന്തര പ്രാധാന്യത്തോടെ പെരിങ്ങാടി റെയിൽവേ ഗെയിറ്റിന് ഓവർബ്രിഡ്ജ് അനുവദിച്ച് കിട്ടാൻ വേണ്ട നടപടികൾ സ്വീകരിക്കണം. ഇതിനകം ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും എല്ലാവിധ സഹായങ്ങളും ഇക്കാര്യത്തിലുണ്ടാവും.

അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ