 
തലശേരി: ന്യൂമാഹിയിലെ പുന്നോൽ ഹരിദാസൻ വധക്കേസിൽ പ്രതികൾ ഉപയോഗിച്ച ആയുധം കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്യാനായി വാങ്ങിയ പ്രതികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പുന്നോൽ താഴെവയലിൽ ന്യൂമാഹി പൊലീസ് നടത്തിയ തെരച്ചിലിലാണ് രക്തക്കറ പുരണ്ട വാളും വസ്ത്രങ്ങളും കണ്ടെത്തിയത്. ഇതോടെ ഈ കേസിൽ പൊലീസിന് നിർണായക തെളിവു ലഭിച്ചു. പിടിയിലായ വാളും വസ്ത്രങ്ങളും ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
ഹരിദാസൻ വധക്കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് കഴിഞ്ഞ ദിവസം കണ്ണൂർ സ്‌പെഷൽ ജയിലിൽ നടന്നിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒമ്പതാം പ്രതി കൊമ്മൽവയലിലെ പ്രഷീജ് എന്ന പ്രജൂട്ടി, പത്താം പ്രതി പുന്നോൽ കരോത്ത്താഴെ ഹൗസിൽ പി.കെ. ദിനേശ് എന്ന പൊച്ചറ ദിനേശ്, പതിനൊന്നാം പ്രതി പ്രീതീഷ് എന്ന മൾട്ടി പ്രജി എന്നിവരെയാണ് തിരിച്ചറിയൽ പരേഡിന് വിധേയമാക്കിയത്. ഇവരോടൊപ്പം മറ്റു മൂന്നു പേരെയും കൂടി നിർത്തിയാണ് തിരിച്ചറിയൽ പരേഡ് നടത്തിയത്. കൊലപാതകത്തിന് ദൃക്സാക്ഷികളായ ഹരിദാസന്റെ സഹോദരൻ, ഭാര്യ, മകൾ എന്നിവരാണ് തിരിച്ചറിയൽ പരേഡിനെത്തിയത്. ഇവർ മൂന്ന് പ്രതികളെയും തിരിച്ചറിയുകയായിരുന്നു.