chorukkala
ചൊറുക്കള- ബാവുപ്പറമ്പ് റോഡിന്റെ ഇരുവശവും തകർന്ന നിലയിൽ

തളിപ്പറമ്പ്: റോഡ് അപകടങ്ങളിൽ ജീവൻ പൊലിഞ്ഞാലും കുലുങ്ങില്ലെന്ന മട്ടിൽ അധികൃതർ. ചൊറുക്കള- ബാവുപ്പറമ്പ് റോഡിന്റെ ഇരുവശവും തകർന്ന് റോഡിലെ ഏറ്റവും അടിയിലിടുന്ന വലിയ കരിങ്കല്ലുകൾ പുറത്തേയ്ക്ക് തള്ളി നിൽക്കുകയാണ്. വലിയ വാഹനങ്ങൾ വരുമ്പോൾ റോഡിന്റെ അരികിലേക്ക് ഇറക്കാൻ ശ്രമിക്കുന്നതിനിടെ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായി. ചിലപ്പോൾ വീണ് സാരമായ പരിക്കുകളും പറ്റാറുണ്ടെന്നാണ് നാട്ടുകാർ പറയുന്നത് എന്നാൽ, അധികൃതർക്ക് കുലുക്കമില്ല. റോഡിന്റെ തകർച്ച അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുമ്പോൾ എയർപോർട്ട് റോഡ് പണി തുടങ്ങുന്നത് വരെ കാത്തിരിക്കാനാണ് നാട്ടുകാരോട് ഉദ്യോഗസ്ഥർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ടാർ ചെയ്ത റോഡ് വഴി ഭാരവാഹനങ്ങളാണ് കൂടുതലും കടന്നുപോകുന്നത്. കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചതിനാൽ റോഡിന്റെ രണ്ട് ഭാഗത്തും കുഴികളും രൂപപ്പെട്ടിട്ടുണ്ട്.

എന്നും വരും എയർപോർട്ട് റോഡ്

എയർപോർട്ട് റോഡ് പ്രഖ്യാപനം നടത്തി വർഷങ്ങൾ കഴിഞ്ഞിട്ടും സ്ഥലപരിശോധനയല്ലാതെ മറ്റൊന്നും നടന്നിട്ടില്ല. മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ 2 വർഷം വേണ്ടിവരുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. അവലോകനം നടത്തിയ മന്ത്രിയാകട്ടെ ഇത് തന്റെ വകുപ്പല്ലെന്ന മട്ടിൽ പെരുമാറുന്നതായും പരാതിയുണ്ട്.

ഏത് നിമിഷവും വലിയൊരു അപകടം നടന്നേക്കുമെന്ന ഭീതിയാണ്. ബന്ധപ്പെട്ടവർ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ വിലപ്പെട്ട ജീവനുകൾ നഷ്ടമാകും.

നാട്ടുകാർ