തലശേരി: ലഹരി ഉപയോഗിച്ചല്ല മകൻ മരിച്ചതെന്നും അങ്ങിനെയാണെന്ന് വരുത്താൻ പൊലീസ് ഉൾപെടെ ചിലർ ശ്രമിക്കുകയാണെന്നും മകന്റെ മരണത്തിനിടയാക്കിയ യഥാർത്ഥ വസ്തുതകളും കുറ്റവാളികളെയും നിയമത്തിന് മുന്നിലെത്തണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കൾ. ചാലിൽ പാലോളി വളപ്പിൽ ഫർബൂലിന്റെ മാതാപിതാക്കളായ ടി.പി.പി. ഹൗസിൽ ലത്തീഫും ഭാര്യ ഫരീദയുമാണ് നീതി തേടി ഹൈക്കോടതിയെ സമീപിച്ചത്.

കഴിഞ്ഞ വർഷം ഫെബ്രുവരി രണ്ടിനാണ് ദുരൂഹ സാഹചര്യത്തിൽ ഫർബൂൽ മരണപ്പെട്ടത്. തലശേരി മട്ടാമ്പ്രം ആലിഹാജി പള്ളിക്കടുത്ത ഒരു ഹോട്ടലിന് പിന്നിലാണ് ഫർബൂലിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടിരുന്നത്. ദേഹത്ത് ക്ഷതമേറ്റ പാടുകളും മൃതദേഹത്തിന് സമീപം മയക്ക്മരുന്ന് കുത്തിവെയ്ക്കാൻ ഉപയോഗിക്കുന്ന സിറിഞ്ചും ഉണ്ടായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ മരണം സ്വാഭാവികമെന്നായിരുന്നു റിപ്പോർട്ട്. രക്ത പരിശോധനയിൽ ലഹരി സാന്നിദ്ധ്യവും വിഷാംശവും കണ്ടെത്തിയിട്ടില്ല. പിന്നെങ്ങിനെ മകൻ ലഹരികുത്തി വച്ച് മരിച്ചുവെന്ന് പറയാനാവുമെന്ന് പിതാവ് ലത്തീഫ് ചോദിക്കുന്നു.

മരിക്കുന്നതിന്റെ തലേന്നാൾ കൂട്ടുകാർക്കൊപ്പം ഏറെ സന്തോഷത്തോടെ വീട്ടിൽ നിന്നും പുറത്ത് പോയതാണ്. മരണവിവരമാണ് പിറ്റേന്നാൾ കേൾക്കാനായത്. രണ്ടര ലക്ഷത്തോളം രൂപ കൈവശമുണ്ടായിരുന്നെങ്കിലും ഇതേ പറ്റി ഇതേവരെ വിവരമൊന്നുമില്ല. നേരത്തെ ഏതാനും പേർ വീട്ടിലെത്തി അതിക്രമം കാട്ടിയിരുന്നു. ഇവിടെ നിർത്തിയിട്ട ഓട്ടോറിക്ഷയും അന്ന് തകർക്കപ്പെട്ടിരുന്നു. ഇക്കാര്യങ്ങളൊങ്ങും പൊലീസ് അന്വേഷിച്ചില്ലെന്ന് ഇവർ ആരോപിക്കുന്നു. സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചില്ലെന്നും ലത്തീഫ് ആരോപിച്ചു.