കാസർകോട്: മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാനായി ജില്ലയിൽ മഴക്കാല പൂർവശുചീകരണ പ്രവർത്തനങ്ങൾശക്തമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുഖേനയും ജില്ലാ അടിസ്ഥാനത്തിലും വിവിധ ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ തീരുമാനിച്ചു.

ഓരോ വാർഡിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ചുമതലയിലും സന്നദ്ധപ്രവർത്തകർ, രാഷ്ട്രീയപാർട്ടികൾ, സാമൂഹ്യസംഘടനകൾ, എൻ.ജി.ഒകൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കുടുംബശ്രീ, വ്യാപാരി വ്യവസായികൾ, റസിഡന്റ്സ് അസോസിയേഷനുകൾ, കലാകായിക സാംസ്‌കാരിക സംഘടനകൾ തുടങ്ങി മുഴുവൻ സംഘടനകളെയും സ്ഥാപനങ്ങളെയും പ്രവർത്തന പങ്കാളികളാക്കും. വാർഡ് തല ആരോഗ്യ ശുചിത്വ പോഷണ സമിതിയിൽ ഹരിതകർമ സേന പ്രവർത്തകരെ കൂട്ടിച്ചേർത്ത് കാമ്പെയിൻ പ്രവർത്തനം ശക്തമാക്കും.

ജില്ലയിലെ പ്രവർത്തനങ്ങളാകെ അതാത് ജില്ലാചുമതലയുള്ള മന്ത്രിമാരുടെ നേതൃത്വത്തിൽ ക്രോഡീകരിച്ച് ആസൂത്രണം ചെയ്ത് നിർവഹണ പുരോഗതി അവലോകനം ചെയ്യും. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ എ. ലക്ഷ്മി, ഹരിതകേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം.പി സുബ്രഹ്മണ്യൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് തുടങ്ങിയവർ സംസാരിച്ചു. വിവിധ വകുപ്പുതല മേധാവികൾ പങ്കെടുത്തു.

ആരോഗ്യസുരക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം

മഴക്കാല മുന്നോരുക്ക പ്രവർത്തനങ്ങൾ, മാലിന്യപരിപാലനം, കൊതുകുനിവാരണം, മലിനജലം ശാസ്ത്രീയമായി സംസ്‌കരിക്കൽ, ജലസ്രോതസ്സുകളുടെ ശുചീകരണം തുടങ്ങിയവ ഉൾപ്പെടുത്തി വിപുലമായ കർമ്മപദ്ധതി തയ്യാറാക്കി നടപ്പിലാക്കും. ഓരോ വാർഡിലും 50 വീടുകളെ/ സ്ഥാപനങ്ങളെ വീതം ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിക്കും. ഓരോ ക്ലസ്റ്ററിനും ആനുപാതികമായി ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിച്ച് ശുചിത്വ മാപ്പിംഗും മൈക്രോ ലെവൽ കർമപരിപാടികളും ആസൂത്രണം ചെയ്യും.

ജില്ലാതല ശില്പശാല 22ന്

'ആരോഗ്യ സുരക്ഷയ്ക്ക് മാലിന്യമുക്ത പരിസരം' കാമ്പയിനിന്റെ കർമ്മപരിപാടി ആവിഷ്‌കരിക്കുന്നതിനും അവതരിപ്പിക്കുന്നതിനും ഫലപ്രദമായ നടത്തിപ്പിനുമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ 22ന് ജില്ലാതല ശില്പശാല നടത്താൻ യോഗത്തിൽ തീരുമാനമായി. വിവിധ വകുപ്പ് മേധാവികൾ, ജില്ലാതല ഉദ്യോഗസ്ഥർ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ, സെക്രട്ടറിമാർ തുടങ്ങിയവർക്കായിരിക്കും ശില്പശാല.


ഫോട്ടോ: മഴക്കാല പൂർവശുചീകരണം ചർച്ച ചെയ്യാൻ കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് സംസാരിക്കുന്നു.