കാഞ്ഞങ്ങാട്: അയൽവാസിയായ പെൺകുട്ടിയെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവ്. രാജപുരം പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കെ.ഭാസ്‌കരനെ(40)യാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജി കെ. സുരേഷ്‌കുമാർ ശിക്ഷിച്ചത്.

2018 ലാണ് കേസിനാസ്പദമായ സംഭവം. 14 വയസുള്ള പെൺകുട്ടിയെ വീട്ടിനകത്തു വച്ചും ശുചിമുറിയിൽ വച്ചും പല ദിവസങ്ങളിലായി ഒന്നിലേറെ തവണ ലൈംഗീക പീഡനത്തിനിരയാക്കിയെന്നാണ് കേസ്. സ്‌കൂളിലെത്തിയ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നു നടത്തിയ കൗൺസിലിംഗിലാണ് സംഭവം പുറത്തറിഞ്ഞത്. അന്നു രാജപുരം എസ്.ഐമാരായിരുന്ന എം.വി. ശ്രീജു അന്വേഷണം നടത്തി പ്രതിയെ അറസ്റ്റു ചെയ്യുകയും എ.പി. ജയശങ്കർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. ഐ.പി.സി.376 വകുപ്പിലും പോക്‌സോ വകുപ്പിലുമായി 10 വർഷം വീതമാണ് കഠിനതടവ്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. രണ്ടു വകുപ്പുകളിലുമായി ഒരു ലക്ഷം രൂപ പിഴയും അടക്കണം. പിഴ അടക്കുന്നില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. രണ്ടു മാസം മുമ്പാണ് വിചാരണ തുടങ്ങിയത്. 13 സാക്ഷികളെ വിസ്തരിച്ചു.

പ്രോസിക്യൂഷനു വേണ്ടി അഡ്വ. പി. ബിന്ദു കോടതിയിൽ ഹാജരായി. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതിയെ വിധിക്കുശേഷൺ കണ്ണൂർ സെൻട്രൽ ജയിലിലേക്കയച്ചു.