കണ്ണൂർ: നഗരത്തിലെ ഹോട്ടൽ ഭക്ഷ്യവിഷബാധയെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി വിഭാഗവും പൂട്ടിച്ചു. ആശിർവാദ് ഹോട്ടലിന് സമീപമുള്ള ഹോട്ടൽ മിഡാസിന് നേരെയാണ് നടപടി. ഭക്ഷണം കഴിച്ച മൂന്നുപേർക്ക് ഭക്ഷ്യ വിഷബാധയേറ്റിരുന്നു.
തുടർന്ന് നടത്തിയ റെയ്ഡിൽ ഇവിടെ നിന്നും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഫ്രിഡ്ജും പഴകിയ ഭക്ഷ്യവസ്തുക്കളും കണ്ടെത്തി. ശുചീകരിക്കാത്ത ടാങ്കിൽ നിന്നാണ് ഇവിടെക്കാവശ്യമായ വെള്ളമെടുത്തിരുന്നത്. മുഹമ്മദലിയെന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഹോട്ടൽ. ഇവിടെ ഹെൽത്ത് കാർഡുള്ള ഒരു തൊഴിലാളി മാത്രമേയുള്ളൂ. റെയ്ഡിന് കോർപറേഷൻ ആരോഗ്യവിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.പി രാജേഷ്, ഫുഡ് സേഫ്റ്റി ഇൻസ്‌പെക്ടർ വിനോദ്, ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ പ്രകാശൻ എന്നിവർ നേതൃത്വം നല്കി.