jayarajan

കണ്ണൂർ: കരിവെള്ളൂരിൽ മകൻ മതംമാറി വിവാഹം ചെയ്തതിന്റെ പേരിൽ കലാകാരന് പൂരക്കളി കളിക്കാനുള്ള അവകാശം നിഷേധിച്ച സംഭവം ഭരണഘടനാ വിരുദ്ധവും പൗരാവകാശ വിരുദ്ധവുമാണെന്ന് സി.പി.എം കേന്ദ്രകമ്മി​റ്റിയംഗം ഇ.പി.ജയരാജൻ പറഞ്ഞു. കണ്ണൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്ര കമ്മി​റ്റിയിലെ ഏതാനും ഭാരവാഹികൾക്ക് ഇതിനൊക്കെ അധികാരം നൽകിയത് ആരാണ്. ഈ നിലപാട് ക്രിമിനൽ കു​റ്റമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികവും സാംസ്‌കാരികവും ചരിത്രപരമായ പാരമ്പര്യവുമുള്ള കരിവെള്ളൂർ പോലൊരു നാട്ടിൽ നിന്നുണ്ടായ തീരുമാനം അംഗീകരിക്കാനാവില്ല . നീചമായ നൂ​റ്റാണ്ട് പിന്നാക്കമുള്ള ചിന്തയിൽ നിന്നാണ് ഇത്തരം തീരുമാനങ്ങൾ വരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.