കാഞ്ഞങ്ങാട്: മടിക്കൈ ഐ.എച്ച്.ആർ.ഡി കോളേജിന്റെ ബാലാരിഷ്ടത നീങ്ങാൻ ഇനിയെത്ര കാലം കാത്തിരിക്കണമെന്നാണ് കോളേജിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും ചോദിക്കുന്നത്. 2010ൽ തുടങ്ങിയ കോളേജിന് ആവശ്യമായ കെട്ടിട സൗകര്യം പോലും പന്തീരാണ്ട് കഴിഞ്ഞിട്ടും ഒരുക്കിയില്ല. കേന്ദ്ര മാനവ ശേഷി വികസന മന്ത്രാലയം അനുവദിച്ച കോളേജിന് അക്കാലത്ത് തന്നെ കെട്ടിടം പണിയാൻ 7 കോടി പ്രഖ്യാപിച്ചെങ്കിലും ഫയലിലൊതുങ്ങി.
കേന്ദ്ര സർക്കാരിന് കീഴിലുള്ള എയ്ഡഡ് സ്ഥാപനമായതിനാൽ ഫണ്ട് അനുവദിക്കാൻ സാങ്കേതിക തടസമുണ്ടെന്നായിരുന്നു ജനപ്രതിനിധികളുടെ പ്രതികരണം. എന്നാൽ ഈ ബഡ്ജറ്റിൽ പിണറായിയിലെ ഐ.എച്ച്.ആർ.ഡി കോളേജിന് 22.8 കോടി രൂപ അനുവദിച്ച വാർത്ത കണ്ടതോടെ ഈ വാദത്തിന്റെ മുനയൊടിഞ്ഞു. ഇതോടെ ജനങ്ങളിലും വിദ്യാർത്ഥികളിലും പ്രതിഷേധം ശക്തമാകുകയാണ്.
2010ൽ ഒരുമിച്ച് പ്രവർത്തനം തുടങ്ങിയ പിണറായി കോളേജിന് 22 കോടി നൽകുമ്പോൾ മടിക്കൈ മോഡൽ കോളേജിന് 7 കോടി പോലും വാങ്ങിയെടുക്കാൻ പറ്റാത്തത് എം.എൽ.എയുടെ കഴിവുകേടായി നാട്ടുകാർ പറയുന്നു. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെ ശിലാസ്ഥാപനം നടത്തിയ കോളേജ്, അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ ബേബിയാണ് ഉദ്ഘാടനം ചെയ്തത്.
ചീമേനിയിലെ ഐ.എച്ച്.ആർ.ഡി കോളേജിന് സ്‌പെഷ്യൽ ബ്ലോക്ക് നിർമ്മിക്കാൻ 5 കോടിയും സർക്കാർ അനുവദിച്ചിട്ടുണ്ട്. ജില്ലയിലെ മൂന്ന് സ്ഥാപനങ്ങളിൽ മഞ്ചേശ്വരത്ത് കഴിഞ്ഞ തവണ കെട്ടിടം വന്നു. 2010ൽ തന്നെ ഏഴ് കോടിയുടെ പദ്ധതിയൊക്കെ പ്രഖ്യാപിച്ച മടിക്കൈ കോളേജിൽ ഇതിനകം ഒന്നര കോടിയുടെ കെട്ടിടം മാത്രമാണ് പണിതത്.
300 വിദ്യാർത്ഥികളുണ്ട്
പി.ജി കോഴ്‌സും ചേർത്ത് മുന്നൂറ് വിദ്യാർത്ഥികൾ കോളേജിലുണ്ട്. പതിനൊന്ന് ക്ലാസ് മുറികൾക്ക് പകരം ആറേയുള്ളൂ. ഇക്കാലത്ത് സ്‌കൂളുകളിൽ പോലും ഇല്ലാത്ത വിധം മുറികൾ വിഭജിച്ചാണ് ക്ലാസ്. കൊമേഴ്‌സിന് 11,800, ബി.എസ്.സിക്ക് 15800 രൂപയും സെമസ്റ്റർ ഫീസ് കൊടുത്ത് ബസ് ഗതാഗതം പോലും പരിമിതമായ സ്ഥലത്ത് വരാൻ കുട്ടികളും മടിക്കുന്നു. ഹൈടെക് സൗകര്യമൊന്നും ഇല്ലെങ്കിലും ഇരുന്ന് പഠിക്കാൻ സൗകര്യവും കാന്റീനും വേണമെന്നാണ് ആവശ്യം. ഒരു സ്ഥിര അദ്ധ്യാപകൻ പോലുമില്ലാത്ത ഐ.എച്ച്.ആർ.ഡിയുടെ ഏക കോളേജും മടിക്കൈയാണ്. സ്റ്റേജും ടോയിലറ്റും പണിതതും കുട്ടികളിൽ നിന്ന് പിരിവെടുത്താണ്.
നഴ്സിംഗ് കോളേജിന് പകരം കിട്ടി
കരിന്തളത്തും ഉദുമയിലും സമീപകാലത്ത് വന്ന സർക്കാർ കോളേജിനൊക്കെ കെട്ടിടം യാഥാർത്ഥ്യമാകുകയാണ്. ഇതോടെ എവിടെയും സീറ്റ് കിട്ടാത്തവർക്കുള്ള ഇടമായി മടിക്കൈ മോഡൽ കോളേജ് മാറുമെന്നാണ് നാട്ടുകാരുടെ പരിഭവം. ഐ.എച്ച്.ആർ.ഡി കോളേജ് വരും മുൻപെ ഈ സ്ഥലത്ത് നഴ്‌സിംഗ് കോളേജ് തുടങ്ങാൻ ആരോഗ്യ മന്ത്രിയായിരുന്ന പി.കെ ശ്രീമതി തറക്കല്ലിട്ടിരുന്നു. മൂന്നേക്കർ സ്ഥലം സൗജന്യമായി നൽകിയിട്ടും പദ്ധതി ആവിയായി. വിവാദം കൊഴുത്തപ്പോഴാണ് ഐ.എച്ച്.ആർ.ഡി വന്നത്.