പയ്യന്നൂർ: കാർഷിക മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പയ്യന്നൂർ നഗരസഭാ ബഡ്ജറ്റ്. കൃഷിക്ക് ഒരു കോടി 35 ലക്ഷം രൂപ നീക്കിവച്ച ബഡ്ജറ്റിൽ മറ്റ് നിരവധി വികസന പ്രവർത്തനങ്ങളും
ലക്ഷ്യമിടുന്നു. 90,85,87,588 രൂപ വരവും 80,89,75,000 ചെലവും 9,96, 12,588 രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ അവതരിപ്പിച്ചത്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കാർഷികവൃത്തിക്കായി ഒരു കോടിയും എല്ലാവർക്കും കിടപ്പാടം ലക്ഷ്യമിട്ട് പി.എം.എ.വൈ, ലൈഫ് ഭവന പദ്ധതിക്ക് 80 ലക്ഷം രൂപയും, റോഡുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി നാലര കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്.
പുതിയ ബസ് സ്റ്റാൻഡിനായി ഈ പ്രാവശ്യവും മൂന്നര കോടി രൂപ നീക്കിവച്ചിട്ടുണ്ട്. പുതിയ ബസ് സ്റ്റാൻഡിന്റെ ഡിസൈൻ അംഗീകരിച്ച് കിട്ടിയതായും വിശദമായ എസ്റ്റിമേറ്റും പ്രൊജക്ട് റിപ്പോർട്ടും തയ്യാറാക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കാൻ കഴിയുമെന്നും ബഡ്ജറ്റ് റിപ്പോർട്ടിൽ പറയുന്നു. ഉളിയത്ത് കടവിൽ ടൂറിസ്റ്റ് കേന്ദ്രം, വനിതകൾക്ക് തൊഴിൽ പരിശീലനം, മാലിന്യ സംസ്കരണ പ്ലാന്റിന് ഒരു കോടി, വിവിധ റോഡുകളിൽ ഓവുചാൽ നിർമ്മാണത്തിന് ഒരു കോടി, സ്കൂളുകളിൽ പ്രഭാത ഭക്ഷണത്തിന് 30 ലക്ഷം, നഗരസൗന്ദര്യവത്ക്കരണത്തിന് 20 ലക്ഷം, ഇടറോഡുകളുടെ നവീകരണത്തിന് ഒന്നര കോടി, വയോമിത്രം പദ്ധതിക്ക് 30 ലക്ഷം, കുടിവെള്ള കണക്ഷൻ ലഭ്യമാക്കുന്നതിന് ഒരു കോടി എന്നിങ്ങനെ തുക വകയിരുത്തിയിട്ടുണ്ട്. കൗൺസിൽ യോഗത്തിൽ ചെയർപേഴ്സൺ കെ.വി.ലളിത അദ്ധ്യക്ഷത വഹിച്ചു.
ബഡ്ജറ്റിലെ മറ്റ് പ്രധാന നിർദ്ദേശങ്ങൾ
കരുവാച്ചേരിയിൽ ഷോപ്പിംഗ് കോംപ്ലക്സ് 60 ലക്ഷം
ഏച്ചിലാംവയൽ വാന നിരീക്ഷണ കേന്ദ്രം 10 ലക്ഷം
പയ്യന്നൂർ ഖാദി കേന്ദ്രത്തിന് 20 ലക്ഷം
പുഴ സംരക്ഷണം 10 ലക്ഷം
വയോമിത്രം പദ്ധതി 30 ലക്ഷം
കുട്ടികളുടെ പാർക്ക് നവീകരണം 20 ലക്ഷം
ഗവ: ആയുർവ്വേദ ആശുപത്രി 30 ലക്ഷം
ഹോമിയോ ആശുപത്രിക്ക് കെട്ടിടം 20 ലക്ഷം
യാഥാർത്ഥ്യബോധമില്ലാത്ത ബഡ്ജറ്റ്: പ്രതിപക്ഷം
യാഥാർത്ഥ്യബോധമില്ലാത്ത ബഡ്ജറ്റാണിതെന്ന് പ്രതിപക്ഷ നേതാവ് കോൺഗ്രസിലെ കെ.കെ.ഫൽഗുനൻ കുറ്റപ്പെടുത്തി. നിർദ്ദേശങ്ങൾ കഴിഞ്ഞ കാലങ്ങളിലേതിന്റെ തനിയാവർത്തനമാണെന്നും പുതുമയുള്ളതൊന്നും ബഡ്ജറ്റിലില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ജനത്തെ കബളിപ്പിക്കലാണ്. എല്ലാ ബഡ്ജറ്റിലും തുക നീക്കിവയ്ക്കുന്ന ബസ് സ്റ്റാൻഡ് ഇതുവരെ യാഥാർത്ഥ്യമായിട്ടില്ലെന്നും നഗരസഭാ അധികൃതരുടെ കഴിവുകേടാണ് ഇത് ചൂണ്ടി കാണിക്കുന്നതെന്നും ഫൽഗുനൻ ആരോപിച്ചു.