കണ്ണൂർ: ശോചനീയാവസ്ഥയിലായ നീർക്കടവ് -പള്ളിയാംമൂല റോഡ് നവീകരണം പൂർത്തിയായി. മൂന്ന് മീറ്റർ വീതിയുള്ള റോഡ് അഞ്ചു മീറ്ററാക്കി വികസിപ്പിച്ചാണ് റീ ടാർ ചെയ്തത്. പള്ളിയാംമൂല അഞ്ചുമൻ ഇൻഫത്തുൽ മഖാം മുതൽ നീർക്കടവ് അരയ സമുദായ ശ്മശാനം വരെയാണ് റോഡുള്ളത്. പള്ളിയാംമൂല മുതൽ ആറാംകോട്ടം ബീച്ച് റോഡ് വരെ പൂർണമായും തകർന്നിരുന്നു. ഇതോടെ കെ.വി സുമേഷ് എം.എൽ.എ ഫിഷറീസ് മന്ത്രി സജി ചെറിയാനെ സന്ദർശിച്ച് വിഷയം അവതരിപ്പിച്ചതോടെയാണ് തീരദേശ റോഡ് വികസനത്തിന് 50 ലക്ഷം രൂപ അനുവദിച്ചത്. എം.എൽ.എയുടെ നിർദേശ പ്രകാരം ഹാർബർ എൻജിനീയറിംഗ് വിഭാഗമാണ് നവീകരണ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കിയത്.
നീർക്കടവ് നിന്നും അഴീക്കോട് പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് നിന്നും കണ്ണൂർ നഗരത്തിലേക്ക് എത്താനുള്ള എളുപ്പ വഴിയാണിത്. നിരവധി റിസോർട്ടുകളും ഇവിടെയുണ്ട്. റോഡ് തകർന്നതിനാൽ പയ്യാമ്പലം ബീച്ചിൽ നിന്ന് കടലിനോട് ചേർന്നുള്ള യാത്ര പലരും പള്ളിയാംമൂല അഞ്ചുമൻ ഇൻഫത്തുൽ മഖാം വരെ എത്തി അവസാനിപ്പിച്ചിരുന്നു. റോഡ് നവീകരിച്ചതോടെ കൂടുതൽ പേർ ബീച്ചിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.