പാപ്പിനിശ്ശേരി: ദേശീയപാത വഴിയുള്ള യാത്രക്കാരുടെ മനസിൽ എന്നും പേടി സ്വപ്നമായി അവശേഷിക്കുന്ന പാപ്പിനിശ്ശേരി- വളപട്ടണം ഗതാഗത കുരുക്കഴിക്കാൻ ഡിവൈഡർ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു. പാപ്പിനിശ്ശേരി മുതൽ വളപട്ടണം മന്ന വരെയുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ശ്രമമാണ് നടന്നുവരുന്നത്.
പുതിയതെരു, വളപട്ടണം പാലം, പാപ്പിനിശ്ശേരി ഭാഗത്തെ ഗതാഗതക്കുരുക്ക് വളരെയേറെ പ്രയാസങ്ങൾക്കിടയാക്കുന്നുണ്ട്. കെ.എസ്.ടി.പി റോഡിലൂടെ വലിയ വാഹനങ്ങളുടെ തിരക്കേറിയതോടെ ഈ കുരുക്ക് വളരെയധികം തലവേദന സൃഷ്ടിക്കുകയായിരുന്നു. ദേശീയപാതയിലൂടെ കടന്നുപോകുന്ന ആംബുലൻസുകൾ ഉൾപ്പെടെ മണിക്കൂറുകൾ കുരുക്കിൽ കുടുങ്ങുന്നത് പതിവാണ്.
പ്രദേശത്തെ ഗതാഗത പ്രശ്‌നം കെ.വി സുമേഷ് എം.എൽ.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേതുടർന്ന് റോഡ് സേഫ്റ്റി വിഭാഗം അനുവദിച്ച 27 ലക്ഷം രൂപ ചെലവിലാണ് കോൺക്രീറ്റ് ഡിവൈഡറുകൾ സ്ഥാപിക്കുന്നത്.
350 മീറ്റർ നീളത്തിൽ
പാലത്തിന് ഇരുവശത്തുമായി പാപ്പിനിശ്ശേരി ക്രിസ്ത്യൻപള്ളി മുതൽ വളപട്ടണം മന്ന ടോൾ ബൂത്ത് വരെ 350 മീറ്റർ നീളത്തിലാണ് ഡിവൈഡർ നിർമ്മിക്കുന്നത്. പ്രവൃത്തി പൂർത്തിയായാൽ ഡിവൈഡറിൽ പെയിന്റ് ചെയ്ത് റിഫ്‌ളക്ടറുകൾ സ്ഥാപിക്കും.
അനധികൃത പാർക്കിംഗും തടയും
ഇവിടെ വീതി കുറഞ്ഞ ഭാഗത്ത് റോഡിന്റെ ഇരുവശവും മണ്ണിട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തിയും ആരംഭിച്ചിട്ടുണ്ട്. റോഡരികിലെ അനധികൃത പാർക്കിംഗ് ഒഴിവാക്കാനും നടപടിയുണ്ട്. നിർമ്മാണം വിലയിരുത്താൻ കെ.വി സുമേഷ് എം.എൽ.എ കഴിഞ്ഞദിവസം സ്ഥലം സന്ദർശിച്ചിരുന്നു.
സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പുതിയതെരുവിലെ ഗതാഗതക്കുരുക്ക് ഇല്ലാതാകും.
കെ.വി സുമേഷ് എം.എൽ.എ