കണ്ണൂർ: 1935 ജൂലായ് 13ന് കർഷകസംഘം രൂപംകൊണ്ട കൊളച്ചേരി നണിയൂരിലെ ഭാരതീയ മന്ദിരം കണ്ണൂരിന്റെ എന്നല്ല, കേരളത്തിലെ തന്നെ ഇടതുരാഷ്ട്രീയ ചരിത്രത്തിലെ ശ്രദ്ധേയമായ ഇടമാണ്. വയക്കോത്ത് മൂലക്കൽ മഠമാണ് വിഷ്ണുഭാരതീയൻ ഭാരതീയ മന്ദിരമാക്കിയത്. ഇതിനടുത്തുതന്നെ കോൺഗ്രസ് മന്ദിരവും ഉണ്ടായിരുന്നു.
കമ്യൂണിസ്റ്റ് ആശയമുള്ള കോൺഗ്രസ് സോഷ്യലിസ്റ്റ് നേതാക്കളാണ് കേരളത്തിലാദ്യമായി കർഷകർക്ക് ഒരു സംഘടന ഉണ്ടാക്കിയത്. കൊളച്ചേരിയിലെ വീടുവീടാന്തരം കയറി യോഗവിവരം അറിയിച്ചു. മുറുക്കാൻ അടക്കയും വെറ്റിലയും പുകയിലയും കരുതിയിട്ടുണ്ടെന്ന് പ്രത്യേകം പറഞ്ഞു. യോഗത്തിന് എത്തിയത് കഷ്ടിച്ച് മുപ്പത് പേർ. ഒപ്പിട്ടത് പന്ത്രണ്ട് പേരും. ഈ യോഗത്തിൽ കർഷകസംഘം രൂപീകരിച്ചു. ഘടകം ഏതെന്ന് പറഞ്ഞില്ല. വി .എം വിഷ്ണുഭാരതീയനെ പ്രസിഡന്റും കെ.എ.കേരളീയൻ (കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ) സെക്രട്ടറിയുമായി കർഷകസംഘം പിറവിയെടുത്തു. പാട്ടത്തിൽ പത്മനാഭനായിരുന്നു യോഗാദ്ധ്യക്ഷൻ.
കെ.പി .ആർ ഗോപാലൻ, കെ .പി ഗോപാലൻ, പി. എം ഗോപാലൻ തുടങ്ങിയ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. ഒളിവിലിരുന്ന് പി.കൃഷ്ണപിള്ളയാണ് ചുക്കാൻ പിടിച്ചത്. ഭാരതീയനില്ലാതെ കർഷകസംഘം പൂർണമാകില്ലെന്ന് കൃഷ്ണപിള്ളയ്ക്ക് അറിയാമായിരുന്നു. അതിനാലാണ് കേരളീയനെ നിർബന്ധിപ്പിച്ച് ഭാരതീയ മന്ദിരത്തിൽ കർഷകസംഘം രൂപീകരണയോഗം വയ്‌പിച്ചത്.
മരിക്കുമ്പോൾ ഒരു സെന്റ് ഭൂമിയില്ലാത്ത ഭാരതീയന് കർഷകസംഘം നിലവിൽ വരുമ്പോൾ ഏട്ടേക്കറുണ്ടായിരുന്നു. ജന്മിയായ ഭാരതീയനാണ് കൃഷിഭൂമി കൃഷിക്കാരന്, അക്രമപ്പിരിവ് നിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തി കർഷകസംഘം നയിച്ച പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയത്. കർഷകസംഘം മെമ്പർഷിപ്പിന് അന്ന് മൂന്ന് പൈസയായിരുന്നു. ദാരിദ്ര്യത്താൽ ഈ തുകപോലും നൽകാൻ കഴിയാതെ ഒട്ടേറെപ്പേർക്ക് മെമ്പർഷിപ്പ് എടുക്കാനായില്ല. ജന്മിയും ഗുണ്ടകളും കർഷകസംഘത്തിൽ ചേരാൻ പാടില്ലെന്ന് ഭീഷണിയും മുഴക്കി. ഭാരതീയന്റെയും കേരളീയന്റെയും വാക്കുകൾ കേട്ട് കർഷക സംഘത്തിൽ ചേർന്നാൽ കിടപ്പാടവും ജോലിയും നഷ്ടപ്പെടുമെന്നും പട്ടിണിയും നാടുവിടലുമായിരിക്കും ഗതിയെന്നുമായിരുന്നു ഭീഷണി. ഇതിനെയെല്ലാം അതിജീവിച്ച് കർഷകസംഘം മുന്നേറി.
മലബാറിലെ എണ്ണമറ്റ കാർഷിക സമരങ്ങളുടെ നേതൃത്വം കർഷകസംഘത്തിനായിരുന്നു. ജന്മിത്വം പൂർണമായി അവസാനിച്ചതും കൃഷിഭൂമി കൃഷിക്കാരന് കിട്ടിയതും കുടികിടപ്പവകാശം നൽകിയതും എല്ലാം ഈ സമരസംഘടനയുടെ പോരാട്ടത്തിലൂടെയായിരുന്നു. കാർഷികബന്ധ ബില്ലിന്റെയും യഥാർഥ അവകാശി കർഷകസംഘമാണ്.
ഇരിക്കൂർ റേഞ്ചിൽപെട്ട ശ്രീകണ്ഠപുരം വളക്കൈ പാലത്തിനു സമീപമുള്ള തൂക്കുമരത്തെ കുറിച്ച് കെ. എ. കേരളീയൻ തന്റെ അനുഭവകുറിപ്പിൽ പറയുന്നുണ്ട്. ഏതൊരു യാത്രക്കാരനെയും പലതും ചിന്തിപ്പിക്കാനും അന്വേഷിപ്പിക്കാനും ഈ തൂക്കുമരം ഇടയാക്കിയെന്നാണ് അദ്ദേഹം അനുഭവകുറിപ്പിൽ പറഞ്ഞത്. ആ തൂക്കുമരത്തിനിരയായ നൂറുകണക്കിന് കർഷകരുടെ 'അനുസരണക്കേട് 'കേവലം ജന്മിമാരുടെ 'തിരുവുള്ളക്കേട് 'മാത്രമായിരുന്നു എന്നു തെളിയും എന്നാണ് കേരളീയൻ എഴുതിയത്. അതാകട്ടെ ആ ഭാഗത്തെ വൻകിട ജന്മിയായ കരക്കാട്ടിടത്തിൽ നായനാരുടെ അധികാര ശക്തിയുടെ ' വൈജയന്തി'യായിട്ടാണ് അന്നു കരുതി വന്നത്. ഭരണം ബ്രിട്ടീഷ് ഗവൺമെന്റിതു തന്നെ. എന്നാൽ യഥാർത്ഥത്തിൽ പ്രയോഗത്തിൽ വില്ലേജ് അധികാരിമാരുടെതായിരുന്നു. അവരാകട്ടെ നാട്ടിൽ പ്രമാണിമാരായ ജന്മികളുമായിരുന്നു. വൈദേശികാധിപത്യം തങ്ങളുടെ ഭരണവും റവന്യൂ പിരിവും നികുതി പിരിവും മുഖേന ഉറപ്പിക്കാൻ ആവശ്യമുള്ളടത്തൊക്കെ പഴയ രാജാധിപത്യത്തെ ഉടച്ചു വാർക്കുകയും അഴിച്ചുകൂട്ടുകയും ചെയ്തിട്ടാണല്ലോ ചരിത്രം പറയുന്നതെന്നാണ് കേരളീയൻ പരിഹസിച്ചത്.
നാടിന്റെ സമരചരിത്രത്തിൽ ഏറ്റവും ആവേശം നിറച്ചത് അടിമകളെ ഉടമകളാക്കിയ ഈ പ്രസ്ഥാനത്തിന്റെ പിറവിയായിരുന്നു.