മാതമംഗലം: ക്ഷീര വികസന വകുപ്പ് കണ്ണൂർ ജില്ലാ ക്ഷീര കർഷക സംഗമം പേരൂൽ ക്ഷീര സംഘത്തിന്റെ ആതിഥേയത്വത്തിൽ 18, 19 തീയതികളിൽ മാതമംഗലത്ത് നടക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ക്ഷീര വികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര സഹകരണ സംഘങ്ങൾ, ത്രിതല പഞ്ചായത്തുകൾ, മിൽമ, ആത്മ, കേരള ഫീഡ്‌സ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. ക്ഷീര വികസന വകുപ്പ് സബ്‌സിഡിയോടു കൂടി സ്ഥാപിച്ച കിടാരി പാർക്കിന്റെ ഉദ്ഘാടനവും നടക്കുമെന്ന് സംഘാടകർ അറിയച്ചു. നാളെ രാവിലെ 7 മണിക്ക് കന്നുകാലി പ്രദർശനം. തുടർന്ന് രാവിലെ 9 മണിക്ക് നടക്കുന്ന സമ്മേളനം പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി. വത്സല ഉദ്ഘാടനം ചെയ്യും. തുടർന്ന് ക്ഷീരസംഘം ജീവനക്കാർക്കുള്ള ശില്പശാല, ഡയറി ക്വിസ്, കലാ കായിക മത്സരങ്ങൾ. 19 ന് രാവിലെ ക്ഷീര വികസന സെമിനാർ. ഡോ. ടി.പി. സേതുമാധവൻ വിഷയം അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന കിടാരി പാർക്കിന്റെയും ജില്ലാ ക്ഷീര സംഗമത്തിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ നിർവഹിക്കും. ടി.ഐ. മധുസൂദനൻ എം.എൽ എ അദ്ധ്യക്ഷത വഹിക്കും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. മുഖ്യാതിഥിയായി പങ്കെടുക്കും. എം.എൽ.എ മാരായ രാമചന്ദ്രൻ കടന്നപ്പള്ളി, എം. വിജിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പങ്കെടുക്കും. പി.എച്ച് സിനാജുദ്ധീൻ, പി.പി സുനൈന, പി. ഗംഗാധരൻ, വി. ശ്രീധരൻ, സി.കെ ശശി, കെ.വി കുഞ്ഞിരാമൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.