
കാസർകോട്: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഭെല്ലിൽ നിന്ന് സംസ്ഥാന സർക്കാർ ഏറ്റെടുത്ത കാസർകോട്ടെ തൊഴിലാളികളും മാനേജുമെന്റും തമ്മിലുള്ള ധാരണാപത്രത്തിൽ യൂണിയനുകൾ ഒപ്പുവച്ചു. ഇതോടെ കമ്പനി കെൽ ഇ.എം.എൽ എന്ന പേരിൽ പുനർപ്രവർത്തനത്തിന് സജ്ജമായി. മുഖ്യമന്ത്രിയുടെ സമയം നോക്കി ഏപ്രിൽ ആദ്യവാരമായിരിക്കും കമ്പനി തുറക്കുന്നത്.
കമ്പനിയുടെ പ്രവർത്തനത്തെ സംബന്ധിച്ചും ജീവനക്കാരുടെ ആനുകൂല്യത്തെപ്പറ്റിയും തൊഴിലാളി യൂണിയനുകളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. പിന്നാലെ കരാറിൽ തൊഴിലാളികൾ ഒപ്പുവച്ചതോടെ അംഗീകാരമായി. ജീവനക്കാരുടെ ശമ്പളകുടിശികയ്ക്കും അടച്ചിട്ട കാലയളവിലെ ആശ്വാസധനസഹായത്തിനും ചർച്ചയിൽ ധാരണയായി. കമ്പനി പ്രവർത്തിച്ച 2020 മാർച്ച് വരെയുള്ള കാലയളവിലെ ശമ്പള കുടിശിക ഉടൻ അനുവദിക്കും. ഏപ്രിൽ മുതൽ അടഞ്ഞ് കിടന്ന സമയത്തെ ശമ്പളത്തിന്റെ 35 ശതമാനവും മുഴുവൻ തുകയുടെ പി.എഫ് വിഹിതവും അനുവദിക്കും. വിരമിച്ച ജീവനക്കാരുടെ ഗ്രാറ്റുവിറ്റി അടക്കമുള്ള കുടിശ്ശിക ഉടൻ കൊടുക്കാനും ധാരണയായിട്ടുണ്ട്.
ഫണ്ട് ലഭ്യതക്കനുസരിച്ച് പിഎഫ് തുകയും മുൻഗണന നൽകി അടക്കും. ഇനിമുതൽ ജോലിസമയം എട്ട് മണിക്കൂറാക്കാനും തീരുമാനമായിട്ടുണ്ട്. സബ്സിഡിയോടെയുള്ള കാന്റീൻ സൗകര്യം 58 വയസ്സ് കഴിഞ്ഞവർക്ക് കമ്പനിയുടെ ആവശ്യത്തിനനുസരിച്ച് കരാർവ്യവസ്ഥയിൽ പുനർ നിയമനം എന്നിവയും വ്യവസ്ഥ ചെയ്തിട്ടുണ്ട്. പെൻഷൻ പ്രായം 60 വയസ്സായി തുടരണമെന്ന ആവശ്യവും സർക്കാരിന്റെ മുന്നിൽ തൊഴിലാളികൾ മുന്നോട്ടുവച്ചിട്ടുണ്ട്.
മാനേജ്‌മെന്റിനായി ചെയർമാനും മാനേജിങ് ഡയരക്ടറുമായ മുഹമ്മദ് ഹനീഷ്, കെൽ ഇ.എം.എൽ ഡയറക്ടർ കേണൽ ഷാജി വർഗീസ്, ജോസി കുര്യാക്കോസ് എന്നിവരും കെ. എൻ ഗോപിനാഥ്, വി. രത്നാകരൻ (സി.ഐ.ടി.യു), കെ. പി മുഹമ്മദ് അഷറഫ്, ടി. പി മുഹമ്മദ് ഹനീഫ് (എസ്.ടി.യു), കെ ജി സാബു, ടി വി ബേബി ( ബിഎംഎസ്), എ. വാസുദേവൻ, വി പവിത്രൻ (ഐ.എൻ.ടി.യു.സി) എന്നിവരുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.
2020 മുതൽ അടഞ്ഞാണ്
കേന്ദ്ര സ്ഥാപനമായിരുന്ന ഭെൽ ഇ.എം.എൽ കമ്പനി 2020 മാർച്ച് മുതൽ അടഞ്ഞ് കിടന്ന സ്ഥിതിയിലായിരുന്നു. സംസ്ഥാന സർക്കാർ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്ന് കേന്ദ്രസർക്കാർ കമ്പനി കൈമാറുകയായിരുന്നു. 2021 സെപ്തംബറിലാണ് കമ്പനിയുടെ മുഴുവൻ ഓഹരിയും സംസ്ഥാന സർക്കാർ ഏറ്റെടുത്തത്. 77 കോടി രൂപയുടെ പാക്കേജും ഇതിനായി അനുവദിച്ചു. അതിൽ 20 കോടി ആദ്യഗഡുവായി നൽകി. കമ്പനിയുടെ അറ്റകുറ്റ പണികളും മെഷിനറികളും നന്നാക്കി. ജില്ലയിലെ ഏകപൊതുമേഖല സ്ഥാപനം ഇപ്പോൾ പൂർണ തോതിൽ പ്രവർത്തന സജ്ജമാണ്.
ധാരണപ്രകാരം
സ്വതന്ത്ര കമ്പനി
കെല്ലിൽ ലയിപ്പിക്കില്ല
സ്വതന്ത്ര ഡയറക്ടർ ബോർഡുണ്ടാകും.
പുതിയ ചെയർമാൻ വരും
ജീവനക്കാർ
ആകെ 118
ഓഫീസർമാർ 19
അടച്ചിട്ട കാലത്ത് മരിച്ചവർ 4
മേയ് മാസം വിരമിക്കുന്നവർ 34
ധാരണകൾ നിരാശാജനകമാണ്. നമുക്ക് വലിയ നഷ്ടമാണ് ഇത്. എന്നിരുന്നാലും തൊഴിലാളികളെ ഓർത്ത് പരമാവധി വിട്ടുവീഴ്ചക്ക് തയ്യാറാവുകയായിരുന്നു.എ വാസുദേവൻ ( ഐ. എൻ.ടി യു സി )