മയ്യിച്ച: കടുത്ത വേനലൊക്കെ മറന്ന് ജില്ലയിൽ ഓറഞ്ച്, റെഡ് മഴക്കെടുതി മുന്നറിയിപ്പുകൾ.. കാര്യങ്കോട് മയിച്ചയിൽ ദുരന്ത നിവാരണ സേനയും ഫയർഫോഴ്‌സും പൊലീസും കോസ്റ്റൽ പൊലീസുമെത്തി. കേരളം 2018ലും 2019ലും കണ്ട വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ. ആദ്യം പകച്ചുനിന്ന മയിച്ചയിലെ നാട്ടുകാർ പിന്നീട് മോക് ഡ്രിലാണെന്ന് അറിഞ്ഞപാടെ നാടകത്തിലെ വേഷങ്ങളണിഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു മോക് ഡ്രിൽ.

'വെള്ളപ്പൊക്ക"ത്തെ തുടർന്ന് പ്രദേശത്തുള്ള 34 പേരെ ചെറുവത്തൂർ കൊവ്വൽ യു.പി സ്‌കൂളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. രണ്ട് പേരെ ഫയർ ആൻഡ് റെസ്‌ക്യൂ ടീം രക്ഷപ്പെടുത്തി. കളക്ടറേറ്റിൽ കൺട്രോൾ റൂം, ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അദ്ധ്യക്ഷതയിൽ അവലോകന യോഗം, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങളും അതേപോലെ അനുകരിച്ചു.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ഹൊസ് ദുർഗ് തഹസിൽദാർ എം. മണിരാജ് നേതൃത്വം നല്കി. ദുരന്ത പ്രതികരണത്തിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിനായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക് ഡ്രിൽ സംഘടിപ്പിച്ചത്. ഫയർ & റെസ്‌ക്യൂ, പൊലീസ്, റവന്യൂ, തദ്ദേശ സ്വയംഭരണം, ആരോഗ്യം, മോട്ടോർ വാഹനവകുപ്പ്, പി.ആർ.ഡി, ജലസേചന വകുപ്പ്, കെ.എസ്.ഇ.ബി. തുടങ്ങി വിവിധ വകുപ്പുകളുടെ സഹകരണമുണ്ടായിരുന്നു. ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റം ജില്ലാ- താലൂക്ക് തലങ്ങളിൽ രൂപീകരിച്ചിട്ടുണ്ട്. ഈ സംവിധാനം കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ എന്നുള്ള പരിശോധനയും ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റത്തിലെ ഓരോ അംഗത്തിനും അവരുടെ ചുമതലകൾ നിർവ്വഹിക്കാൻ സാധിക്കുന്നണ്ടോ എന്നും മോക് ഡ്രില്ലിലൂടെ വിലയിരുത്തി. കളക്ടറേറ്റ് കൺട്രോൾ റൂമിൽ ജില്ലാ കളക്ടർക്ക് പുറമെ എ.ഡി.എം എ.കെ രമേന്ദ്രൻ, വിദ്യാനഗർ എസ്.ഐ കെ. പ്രശാന്ത്, കാസർകോട് ആർ.ടി.ഒ എ.കെ രാധാകൃഷ്ണൻ, ജില്ലാ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ എ.ടി ഹരിദാസൻ, ടാറ്റാ ആശുപത്രി സൂപ്രണ്ട് ഡോ. ഗീത, ജില്ലാ ദുരന്ത നിവാരണ വിഭാഗം ജൂനിയർ സൂപ്രണ്ട് എസ്. സജീവ്, ഹസാർഡ് അനലിസ്റ്റ് പ്രേം പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.