aswam
രഥോത്സവത്തിന് മുന്നോടിയായി ഒരുക്കി നിർത്തിയ അശ്വങ്ങൾ

തളിപ്പറമ്പ്: പൂക്കോത്ത് തെരു പൂക്കോത്ത് കൊട്ടാരത്തിൽ പൂര മഹോത്സവത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് മൂന്നിന് കുതിരവലി എന്ന അശ്വരഥോത്സവം നടക്കും. രാവിലെ ഒൻപതിന് പൂരക്കളിയുടെ സമാപനം കുറിച്ചുള്ള കാമൻപാട്ടിന് ശേഷമാണ് കൊട്ടാരത്തിൽ നിന്നും രണ്ട് അശ്വരഥങ്ങളെ പുറത്തേക്കിറക്കുന്നത്. പൂക്കോത്ത് കൊട്ടാരവുമായി ബന്ധപ്പെട്ട തോലൻ തറവാട് , ആലിങ്കീൽ തറവാട് എന്നിവിടങ്ങളിലെ കുഞ്ഞാർ കുറത്തിയമ്മ ദേവസ്ഥാനങ്ങളിൽ അശ്വരഥങ്ങളെ എത്തിക്കും.

തോലൻ തറവാട്ടിൽ ഭദ്രകാളി സങ്കല്പത്തിൽ ചുവപ്പും ആലിങ്കീൽ തറവാട്ടിൽ ശിവസങ്കല്പത്തിൽ പച്ചയും നിറങ്ങളോടുകൂടിയ അശ്വരഥങ്ങളെ കോമരങ്ങൾ കലയാടിയ ശേഷം തറവാട്ടംഗങ്ങൾ അരിയെറിഞ്ഞ് യാത്രയയക്കും. ഈ ചടങ്ങുകൾക്ക് ശേഷം സമുദായാംഗങ്ങൾ പാശങ്ങൾ കൊണ്ട് വലിച്ച് അശ്വരഥങ്ങളെ കൊട്ടാരത്തിൽ സമർപ്പിക്കും . കൊട്ടാരത്തിൽ നിന്നും പുറപ്പെടുന്ന തിരുവായുധം എഴുന്നള്ളത്തിന് മുന്നിലായി രണ്ട് അശ്വരഥങ്ങളെയും നഗര പ്രദക്ഷിണം നടത്തിക്കും.