കോഴിക്കോട്: പുറംപകിട്ടിനപ്പുറം എരിയുന്ന സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചകളുമായി 'അവൾ' ദൃശ്യാവിഷ്ക്കാരം അരങ്ങിലേക്ക്. സ്വതന്ത്ര്യ ഇന്ത്യയുടെ എഴുപത്തിയഞ്ചാം വർഷത്തിലും അടുക്കളയിലും അരങ്ങത്തും പെണ്ണുടൽ അനുഭവിക്കുന്ന പാരതന്ത്ര്യത്തിന്റെ നെരിപ്പോട് തുറന്നുകാട്ടുകയാണ് കോഴിക്കോട്ടെ ഒരു കൂട്ടം അദ്ധ്യാപികമാർ. അദ്ധ്യാപികമാരുടെ സർഗാത്മക കൂട്ടായ്മയായ ശ്രാവണിക അമാൽ ഗമേഷൻ ഒഫ് ആർട്‌സ് വനിതാ ദിനത്തിൽ അഭ്രപാളിയിലെത്തിച്ച അവൾ സോഷ്യൽ മീഡിയകളിൽ വൈറലായതോടെയാണ് അരങ്ങിലെത്തിക്കാൻ അണിയറയിൽ അണിഞ്ഞൊരുങ്ങുന്നത്. മേയ് മാസം അവൾ കോഴിക്കോട്ടെ അരങ്ങിലെത്തും.
രചനയും സംഗീതവും കാമറയും എഡിറ്റിംഗുമെല്ലാം അദ്ധ്യാപികമാർ തന്നെ ചെയ്തിരിക്കുന്നുവെന്ന സവിശേഷതയാണ് അവൾ എന്ന ദൃശ്യാവിഷ്ക്കാരത്തെ വ്യത്യസ്തമാക്കുന്നത്. ചെണ്ടവാദ്യത്തിന്റെ പശ്ചാത്തലത്തിൽ മിന്നിമറയുന്ന ദൃശ്യങ്ങളിൽ ചെറുത്ത് നിൽപ്പിന്റെ പെണ്ണടയാളങ്ങളായ നങ്ങേലി മുതൽ പാഞ്ചാലി വരെ സംസാരിക്കുന്നു. സ്ത്രീയെന്നാൽ മുഖവും ശരീരവുമാണെന്ന ആണിന്റെ വരച്ചിടലുകളെ മായ്ച്ചുകളയുന്നതാണ് ഓരോ ദൃശ്യങ്ങളും. ആഷാ മോഹനാണ് ദൃശ്യാവിഷ്‌ക്കാരം സംവിധാനം ചെയ്തിരിക്കുന്നത്. ഛായാഗ്രഹണം സുമ മഹേഷ്. രാമകൃഷ്ണ മിഷൻ സ്‌കൂളിലെ അദ്ധ്യാപികയും നർത്തകിയുമായ പി.സുകന്യയാണ് നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. അദ്ധ്യാപികമാരായ ഡോ.ബാമിനി, പി.ഉഷ എന്നിവർ എഡിറ്റിംഗും
പി.കെ.രാധി നിർമാണ നിർവഹണവും ജൂലി വോട്ട് കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. പി.സുകന്യ, ജി.ആർ.ബേബി രശ്മി, എം.പി.ജിഷ, ദീപ്തി വെസ്റ്റ്ഹിൽ, എം.എസ്.ജിസ്മ, ആർ.നിഷ, ജ്യോത്സ്‌ന കടയപ്രത്ത്, കെ.കെ.സരിത, സാജിത കമാൽ, ഇ.പ്രമോദിനി, അഞ്ജലി.കെ.ശിവദാസ്, ഇ.പി.ജുബില, മനീഷ, റെമി ഡേവിസ് എന്നിവരാണ് ദൃശ്യങ്ങളിലുളളത്.