മട്ടന്നൂർ: കീഴല്ലൂർ അണക്കെട്ടിന്റെ ഷട്ടർ അടച്ചതിനെ തുടർന്ന് വെള്ളംകയറി കൃഷി നശിക്കുന്ന പ്രശ്‌നവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളും ഭൂവുടമകളും കളക്ടറെ കണ്ട് പരാതിയറിയിക്കും. രണ്ടു മാസം മുമ്പ് ജല അതോറിറ്റിയും റവന്യൂ വകുപ്പും സംയുക്തമായി അണക്കെട്ടും പരിസരവും സന്ദർശിച്ചിരുന്നു. പരിശോധനയുടെ റിപ്പോർട്ടും സർക്കാരിലേക്ക് നൽകിയിട്ടുണ്ട്.

അണക്കെട്ടിൽ വെള്ളം സംഭരിക്കുന്നതിനായി ഷട്ടറുകൾ അടക്കുമ്പോൾ വർഷങ്ങളായി ഇവിടെ വെള്ളം കയറി കൃഷിനാശമുണ്ടാകാറുണ്ട്. വെള്ളം കയറുന്നത് മൂലം 25ലധികം കർഷകർ അഞ്ചേക്കറോളം വരുന്ന ഭൂമിയിൽ കാലങ്ങളായി കൃഷി നടത്താനാകാതെ ദുരിതത്തിലാണ്. ആറു വീടുകളിലെ കിണറുകളും മലിനജലം കയറി ഉപയോഗശൂന്യമായി. പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 15 വർഷത്തിലേറെയായി കർഷകർ നിരന്തരം നിവേദനം നൽകാറുണ്ട്. അടുത്ത കാലത്തായി മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ റവന്യൂ, ജല അതോറിറ്റി അധികൃതർ സംയുക്ത പരിശോധന നടത്തി. പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഭൂവുടമകൾക്ക് അനുകൂലമായ റിപ്പോർട്ടാണ് കീഴല്ലൂർ വില്ലേജ് ഓഫീസർ കളക്ടർക്കും മറ്റ് അധികൃതർക്കും നൽകിയിട്ടുള്ളത്.

അതേ സമയം പ്രശ്‌നത്തിൽ ജലഅതോറിറ്റിയുട ഭാഗത്ത് വീഴ്ചയില്ലെന്ന നിലപാടാണ് അസി. എക്‌സിക്യൂട്ടീവ് എൻജിനീയർ സ്വീകരിച്ചത്. വെള്ളം കയറിയ പ്രദേശം സന്ദർശിക്കാൻ അന്ന് ജല അതോറിറ്റി അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ തയ്യാറായില്ലെന്നും കർഷകർ പരാതിപ്പെട്ടിരുന്നു.

സംരക്ഷണ ഭിത്തി

വാക്കിലൊതുങ്ങി

പാലയോട് നടുക്കുനി വയൽ, കീഴല്ലൂർ, വളയാൽ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് വെള്ളം കയറി നാശമുണ്ടാകുന്നത്. തലശേരി, മാഹി പ്രദേശങ്ങളിൽ കുടിവെള്ള വിതരണം നടത്തുന്നതിനായാണ് കീഴല്ലൂർ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ച് വെള്ളം സംഭരിക്കുന്നത്. വെള്ളം കയറുന്നത് തടയാൻ പുഴക്കരയിൽ ഭിത്തി കെട്ടി സംരക്ഷിക്കുമെന്ന് അധികൃതർ പറഞ്ഞിരുന്നെങ്കിലും വർഷങ്ങളായിട്ടും നടപടിയൊന്നുമുണ്ടായില്ല. വർഷങ്ങൾക്ക് മുമ്പ് തടയണ നിർമ്മിച്ച മണ്ണ് നീക്കം ചെയ്യാത്തതാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ ഇടയാക്കുന്നതെന്നും ആക്ഷേപമുണ്ട്.