കണ്ണൂർ: വേനലും ചൂടും കനത്തതോടെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിരവാര പരിശോധന ഭക്ഷ്യസുരക്ഷാ വകുപ്പ് കർശ്ശനമാക്കുന്നു. നഗരത്തിലെ ഹോസ്​റ്റൽ കാന്റീൻ, ഭക്ഷ്യനിർമ്മാണ യൂണി​റ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. ഇതിൽ മിക്ക ഹോസ്​റ്റൻ കാന്റീനും വൃത്തിഹീനമാണെന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം നഗരത്തിലെ ഒരു പ്രധാന ആശുപത്രിക്ക് സമീപമുള്ള കാന്റീനിൽ നടത്തിയ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ഇവിടെ നിന്നും ഭക്ഷണം കഴിച്ച മൂന്ന് പേർക്ക് ഭക്ഷ്യവിഷബാധയേ​റ്റിരുന്നു. ഇത്തരം സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നും നിശ്ചിത ദിവസത്തിനുള്ളിൽ ഇവ മാ​റ്റിയില്ലെങ്കിൽ ലൈസൻസ് റദാക്കാനാണ് തീരുമാനമെന്നും അധികൃതർ പറഞ്ഞു.

നിലവിവൽ രണ്ട് സ്ക്വാഡായി തിരിഞ്ഞാണ് പരിശോധന. കഴിഞ്ഞ ആഴ്ച മുതൽ ഹാർബറുകളിലും റീട്ടെയിൽ ഹോൾസെയിൽ മത്സ്യവിൽപ്പനശാലകളിലും പരിശോധന തുടങ്ങി. ഫോർമാലിൻ കലർത്തിയ മത്സ്യം കണ്ടെത്തുന്നതിന് ഫോർമാലിൻ കി​റ്റുമായാണ് പരിശോധനക്കെത്തുന്നത്. സംശയം തോന്നിയ സാമ്പിളുകൾ കോഴിക്കോട് റീജീയണൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.

കോർപറേഷനിലും പുതിയ സക്വാഡ്
കോർപറേഷൻ ആരോഗ്യവിഭാഗത്തിന്റെ കീഴിൽ പ്രത്യേക പരിശോധന സക്വാഡ് രൂപീകരിച്ചു. വരും ദിവസങ്ങളിൽ കോർപറേഷന് കീഴിലെ ഹോട്ടലുകളിലും മ​റ്റും പരിശോധന നടത്തുമെന്ന് ആരോഗ്യകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി അദ്ധ്യക്ഷൻ എം.പി രാജേഷ് പറഞ്ഞു. ഹോട്ടലുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ എത്തുന്നുണ്ട്. പഴകിയ ഭക്ഷണത്തേക്കാൾ കൂടുതൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഹോട്ടലുകളെയും കാന്റീനെയും കുറിച്ചാണ് പരാതികൾ.

വരും ദിവസങ്ങളിലും പരിശോധന കർശ്ശനമായി തുടരും. ഹോട്ടലുകളിലും മറ്റ് ഭക്ഷണശാലകളിലും തട്ടുകടകളിലും വൃത്തിഹീനമായ ചുറ്റുപാടോ പഴകിയ ഭക്ഷണ പദാ‌ർത്ഥങ്ങളോ കണ്ടെത്തിയാൽ കർശ്ശന നടപടി സ്വീകരിക്കും.

പി. ജനാർദ്ദനൻ, ഭക്ഷ്യ സുരക്ഷാ ഒാഫീസർ