ponnyam
രോഗബാധിതമായ പൊന്ന്യത്തെ വാഴകൃഷി

തലശേരി: ഏറേ പ്രസിദ്ധവും പ്രിയമേറിയതുമാണ് പൊന്ന്യത്തെ നേന്ത്രവാഴ കൃഷിയും നേന്ത്രപ്പഴവും. പൊന്ന്യത്തും, ചുണ്ടങ്ങാപ്പൊയിലിലും, കുണ്ടുചിറയിലും, ചമ്പാടുമൊക്കെയായി ഏകദേശം 60 ഹെക്ടറോളം സ്ഥലത്ത് നേരത്തെ കൃഷി ചെയ്തിരുന്നു. എന്നാൽ ഇന്നിത് 40 ഹെക്ടറിലേക്ക് ചുരുങ്ങി.

രാസവളങ്ങളുടെ വിലക്കയറ്റവും, ആവശ്യത്തിന് തൊഴിലാളികളെ ലഭിക്കാത്തതും വർദ്ധിച്ച കൂലിയും വാഴക്കൃഷി ലാഭകരമല്ലാതാക്കി. ഒരു വാഴക്ക് 10 മാസത്തോളം നീണ്ടുനിൽക്കുന്ന പരിചരണത്തിനിടയിൽ 350 രൂപയോളം ചെലവ് വരുമെന്നാണ് പറയുന്നത്. പ്രകൃതിക്ഷോഭം കൊണ്ടുണ്ടാകുന്ന നഷ്ടം വേറെ. തണ്ട് തുരപ്പൻ പുഴുവിന്റെ ആക്രമണം പോലുള്ള രോഗങ്ങളും പ്രതിസന്ധിയാണ്. ഇതിനെയൊക്കെ തരണം ചെയ്താൽ കൃഷിക്കാരന് പത്ത് മാസം കൊണ്ട് ലഭിക്കുന്നത് ഒരു വാഴയിൽ നിന്ന് അൻപതോ നൂറോ രൂപയാണ്.

പരമ്പരാഗത കൃഷിരീതിയാണ് ഏറെയും ഇവിടെ പിൻതുടർന്ന് വരുന്നത്. ഇവിടുത്തെ വാഴപ്പഴത്തിന്റെ നിറവും രുചിയുമൊക്കെയാണ് ഇന്നും ഇതിനെ വേറിട്ടു നിർത്തുന്നത്. അത് കൊണ്ടുതന്നെ വിദൂരസ്ഥലങ്ങളിൽ നിന്ന് പോലും നേന്ത്രപ്പഴത്തിനായി ആവശ്യക്കാരെത്തുന്നു.
മുൻകാലങ്ങളിൽ ഇവിടെ ഉൽപ്പാദിപ്പിക്കുന്ന വാഴക്കന്നുകൾ കൃഷിക്കാർ പരസ്പരം കൈമാറ്റം ചെയ്ത് കൊണ്ടാണ് കൃഷി വ്യാപിപ്പിച്ചിരുന്നത്. നേരത്തെ 100 വാഴവിളവെടുത്ത് കഴിഞ്ഞാൽ 400 ഉം 500 ഒക്കെ കന്നുകൾ ലഭിക്കുമായിരുന്നു. ഇതും കൃഷിക്കാർക്ക് ഒരു വരുമാനമാർഗമായിരുന്നു. എന്നാൽ ഇന്ന് 100 വാഴയിൽ നിന്ന് 50ഉം 60ഉം കന്നുകൾ മാത്രമാണ് ലഭിക്കുന്നത്. ഇത് മാറ്റി നട്ടാൽ മുളച്ച് വരുന്നതിൽ 30 ശതമാനത്തിലേറെ കന്നുകൾ നശിച്ച് പോകുന്നതായിട്ടാണ് കൃഷിക്കാർ പറയുന്നത്. തമിഴ്‌നാട്ടിൽ നിന്നൊക്കെ ഇറക്കുമതി ചെയ്ത കന്നുകളിൽ നിന്ന് പല രോഗങ്ങളും വ്യാപിക്കുന്നതായും പറയുന്നു.

നേടേണ്ടതുണ്ട് ഭൗമ സൂചിക പദവി
പൊന്ന്യത്തെ നേന്ത്രവാഴ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഈ അടുത്തകാലത്താണ് ഗ്രാമപഞ്ചായത്ത് ഇടപെടുന്നത്. പൊന്ന്യം നേന്ത്രന് ഭൗമ സൂചികാ പദവി ലഭിക്കാനാവശ്യമായ പ്രാഥമിക ഇടപെടൽ നടത്തിവരികയാണ്. എന്നാൽ ഇതിനൊക്കെ നേതൃത്വം നൽകേണ്ട കൃഷിഭവന്റെ അവസ്ഥ ഏറേ ദയനീയമാണ്. കഴിഞ്ഞ അഞ്ചെട്ട് വർഷമായി കതിരൂർ കൃഷിഭവനിൽ ഒരു സ്ഥിരം കൃഷി ഓഫീസറോ, ആവശ്യത്തിന് ജീവനക്കാരോ ഇല്ലാത്ത അവസ്ഥയാണ്.


കാർഷിക സർവകലാശാലയിലെ കൃഷി ശാസ്ത്രജ്ഞരുടെ അടിയന്തര ഇടപെടലും ഫലപ്രദമായ പരിഹാരമാർഗങ്ങളും കണ്ടെത്താൻ ഉടനെ കഴിഞ്ഞില്ലെങ്കിൽ വാഴക്കൃഷിയിൽ പൊന്ന്യത്തിന്റെ പെരുമ ഇതോടെ തീരും

കർഷകനും പൊതുപ്രവർത്തകനുമായ നൂറുദ്ദീൻ പൊന്ന്യം