കണ്ണൂർ: തീറ്റ വിലയ്ക്കൊപ്പം കോഴിയിറച്ചി വിലയും കുതിച്ചുകയറുന്നു. 200ന് മുകളിലേക്ക് കയറിയതോടെ വില പലയിടത്തും തോന്നിയത് പോലെ ഈടാക്കുന്നതായും പരാതി ഉയർന്നു. 200 മുതൽ 240 വരെ വില ഈടാക്കുന്നതായാണ് പരാതി. ബ്രാൻഡഡ് കോഴിയിറച്ചിക്ക് കിലോയ്ക്ക് 289 രൂപയാണ് വില.
തമിഴ്നാട്ടിൽ നിന്നുള്ള കോഴി വരവ് കുറഞ്ഞതാണ് തിരിച്ചടിയായത്. കോഴിത്തീറ്റയുടെ വില കൂടിയതും നിരക്കുയരാൻ കാരണമായി എന്ന് കച്ചവടക്കാർ പറയുന്നു. രണ്ട് മാസം മുമ്പ് നൂറ് രൂപയിൽ താഴെയുണ്ടായിരുന്ന ചിക്കൻ സീസൺ കാലമല്ലാതിരുന്നിട്ടുപോലും വില 200 കടന്നത് ഉപഭോക്താക്കളെ നിരാശയിലാക്കുന്നുണ്ട്.
സാധാരണ ചൂടുകാലമായ മാർച്ച്- ഏപ്രിൽ- മേയ് മാസങ്ങളിൽ കോഴിയിറച്ചിക്ക് ഡിമാൻഡ് കുറയുകയും വില കുറയുകയുമാണുള്ളത്. ഇത്തവണ ചൂടിനൊപ്പം ചിക്കൻ വിലയും കുതിക്കുന്ന കാഴ്ചയായി.
ആഭ്യന്തര ഉൽപ്പാദനത്തിലും ഇടിവ്
കോഴി കൃഷി നഷ്ടമായതിനാൽ ആഭ്യന്തര കോഴിയുൽപ്പാദനത്തിലും വലിയതോതിൽ ഇടിവുണ്ടായി. കോഴിക്കുഞ്ഞുങ്ങളുടെയും തീറ്റയുടെയും വില ക്രമാതീതമായി ഉയർന്നതാണ് ഫാമുടമകളെ കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ 300 രൂപയോളമാണ് ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് കൂടിയത്. 90 രൂപയുണ്ടായിരുന്ന ഒരു കിലോ കോഴിയുടെ ഉല്‍പാദന ചെലവ് ഇപ്പോൾ103 രൂപ വരെ എത്തിയെന്ന് കർഷകർ പറയുന്നു.
പിടിതരാതെ കോഴിത്തീറ്റ വിലയും
50 കിലോഗ്രാം ഇറച്ചിക്കോഴി തീറ്റയ്‌ക്ക് 2300ഉം മുട്ടക്കോഴിയുടേതിന് 1530 രൂപയുമാണ് നിലവിലെ വില. ഇതുകാരണം കിട്ടുന്ന തുക മുഴുവൻ തീറ്റയ്‌ക്ക് ചെലവിടുകയാണ് കർഷകർ. തീറ്റ ഉത്പാദനത്തിനുള്ള സോയാബീനും ചോളവും വ്യാപകമായി നശിച്ചതാണ് വില വർദ്ധനയ്‌ക്ക് കാരണമായി പറയുന്നത്. മഹാരാഷ്ട്ര, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. നേരത്തെ കിലോയ്‌ക്ക് 40 രൂപയുണ്ടായിരുന്ന സോയയ്‌ക്ക് ഇപ്പോൾ 100 രൂപയ്ക്കാണ് കമ്പനികൾ വാങ്ങുന്നത്. അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതോടെ തീറ്റ വില ഇനിയും കൂടുമെന്നാണ് കർഷകർ പറയുന്നത്.
കോഴിത്തീറ്റയിലേറെയും തമിഴ്നാട്ടിൽ നിന്നാണെത്തുന്നത്. തൃശൂരിൽ കെപ്കോയുടെ കമ്പനി തുറന്നെങ്കിലും ഉത്പാദനം തുടങ്ങിയിട്ടില്ല. സംസ്ഥാനത്ത് ബി.വി 380 ഇനം കോഴികളെയാണ് മുട്ടയ്ക്കായി വളർത്തുന്നത്. തീറ്റ കൃത്യമായി ലഭിച്ചില്ലെങ്കിൽ മുട്ട ഉത്പാദനത്തെ ബാധിക്കും.
കർഷകർ