rijil-makkuti

കണ്ണൂർ:കോൺഗ്രസിനെതിരെ ഫേസ് ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ആശ്രിതരെ നിയമനം നൽകി സംരക്ഷിക്കുന്ന നേതാക്കളുടെ രീതി മാറാതെ കോൺഗ്രസ് രക്ഷപ്പെടില്ലെന്ന വിമർശനമാണ് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് ഫേസ് ബുക്കിൽ കുറിച്ചത്.

'ഷോ രാഷ്ട്രീയത്തിന്റ കാലം കഴിഞ്ഞു.മണ്ണിലിറങ്ങി അടിവാങ്ങുന്നവനെ പഞ്ചായത്തിൽ പോലും പരിഗണിക്കുന്നില്ല. നേതാക്കന്മാരെ ദില്ലിയിൽ പോയി കണ്ട് കാര്യം നേടുന്നത് അവസാനിപ്പിക്കാതെ പാർട്ടി രക്ഷപ്പെടില്ല.കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കണ്ണൂർ സീ​റ്റിൽ എന്റെ പേരും സജീവമായിരുന്നു.അവസാന നിമിഷം എന്നെ സ്‌നേഹിക്കുന്ന പല സുഹൃത്തുക്കളും ഡൽഹിയിൽ പോകാൻ എന്നോടു പറഞ്ഞിരുന്നു.അവസാന നിമിഷം എന്റെ ഒരു സഹപ്രവർത്തകനെ തോൽക്കുന്ന സീ​റ്റിൽ വെട്ടിയപ്പോൾ എന്നോട് പറഞ്ഞു. ഞാൻ പോകുന്നു ഡൽഹിക്ക് നിങ്ങൾ വരുന്നോ. ഞാൻ പറഞ്ഞു ഇല്ല .നിങ്ങൾ പോയിവാ. അതു കൊണ്ട് അദ്ദേഹത്തിന് സീ​റ്റ് കിട്ടി.

അന്ന് ഞാൻ അവരോട് പറഞ്ഞത് എനിക്ക് അർഹതയുണ്ടെങ്കിൽ ഇവിടെയുള്ള നേതൃത്വം എന്നെ പരിഗണിക്കും.ഡൽഹിയിൽ ഇരിക്കുന്നവർക്ക് എന്നെ കുറിച്ചെന്തറിയാനാണ്. അവരുടെ മാനദണ്ഡത്തിനുസരിച്ച് അർഹത ഇല്ലാത്തത് കൊണ്ട് എന്നെ പരിഗണിച്ചില്ല. " -റിജിലിന്റെ പോസ്റ്റിലെ വിമർശനം ഇങ്ങനെ നീളുന്നു.

'അക്കരപച്ച തേടില്ല"

അതുകൊണ്ട് ഈ പാർട്ടിയെ തള്ളിപറയാനോ, അക്കരപച്ച തേടി കെ .പി .അനിൽകുമാറാകാനോ, പി.എസ്. .പ്രശാന്ത് ആകാനോ ഞാൻ തയ്യാറായല്ല.അവരൊക്കെ ഈ പ്രസ്ഥാനം കൊണ്ട് എല്ലാം നേടിയവരാണ്.പ്രവർത്തനത്തിലും നിലപാട് എന്തെന്ന് കാണിക്കണം.അത്തരം നിലപാടെടുക്കുമ്പോൾ ചിലപ്പോൾ പാർട്ടിയിൽ നിന്ന് തന്നെ പുറത്താക്കപ്പെടാം. അപമാനിക്കപ്പെടാം, വ്യക്തിഹത്യക്ക് ഇരയാകേണ്ടി വരാം, അപമാനിക്കപ്പെടാം, ഒ​റ്റെപ്പെടുത്താം, കൂടെയുള്ളവർ തള്ളി പറയാം, സൈബർ ബുളളിംഗിന് വിധേയമാകേണ്ടി വരാം. പക്ഷേ നിലപാടിൽ ഉറച്ച് നിന്നാൽ എത്ര വർഷം കഴിഞ്ഞാലും പ്രസ്ഥാനത്ത് നിന്ന് മാ​റ്റി നിർത്താൻ കഴിയില്ല,അനുഭവമാണ് സാക്ഷ്യം'- റിജിൽ മാക്കുറ്റി ഫേസ് ബുക്ക് പോസ്റ്റ് പറയുന്നു.