തലശേരി: നഗരസഭ 2022-23 വർഷത്തെ ബഡ്ജറ്റ് വൈസ് ചെയർമാൻ വാഴയിൽ ശശി അവതരിപ്പിച്ചു. 74,90,65,525 രൂപ ചെലവും നീക്കിയിരിപ്പായി 3,93,79,441 രൂപയും കണക്കാക്കിയിരിക്കുന്നു. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താൻ ഉൽപാദന മേഖല ശക്തിപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം.
ഇതിനായി തരിശ് രഹിത നഗരസഭയായി തലശേരിയെ മാറ്റും. കൃഷിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും കൂടി 20 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്.
സഹകരണ ബാങ്കുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ കൃഷിയും കാർഷിക ഉൽപന്ന സംഭരണവും പ്രോത്സാഹിപ്പിക്കും. പുതിയ നഗരസഭാ കെട്ടിടത്തിനായി ഇന്റീരിയൽ പ്രവൃത്തികൾക്കും ഫർണീച്ചറിനും 1.50 കോടി രൂപ നീക്കിവച്ചിട്ടുണ്ട്. 14ാം പഞ്ചവത്സര പദ്ധതിയിൽ പാൽ, മുട്ട, മാംസം എന്നിവയിൽ സ്വയംപര്യാപ്തത നേടാൻ 25 ലക്ഷം രൂപ നീക്കിവച്ചു. മാടപ്പീടികയിലെ വനിതകൾക്കുള്ള തൊഴിൽപരിശീലന കേന്ദ്രത്തിൽ എൽ.ഇ.ഡി ലൈറ്റ് നിർമ്മാണ യൂനിറ്റ് ആരംഭിക്കാൻ 10 ലക്ഷം രൂപ നീക്കിവയ്ക്കും.
കുട്ടിമാക്കൂൽ മിനി സ്റ്റേഡിയം നവീകരണത്തിന് 20 ലക്ഷം രൂപയും കൊളശേരി മിനിസ്റ്റേഡിയം സ്ഥലമെടുപ്പിന് 30 ലക്ഷം രൂപയും നീക്കിവച്ചു. ശുചീകരണ മേഖലയിൽ 7.70 കോടി രൂപയുടെ പദ്ധതികൾക്കാണ് അനുമതി നൽകിയിരിക്കുന്നത്. നഗരസഭാ പരിധിയിലെ ഗവ. ഹൈസ്‌കൂളിൽ തുമ്പൂർമുഴി മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാൻ ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. നഗരത്തിലെ തോടുകളുടെയും ഓവുചാലുകളുടെയും നവീകരണത്തിന് ഒരു കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.