kallummakkaya
ഇടയിലക്കാട് ബണ്ട് പരിസരത്തു നിന്നും കല്ലുമ്മക്കായ ശേഖരിക്കുന്ന നാട്ടുകാർ

തൃക്കരിപ്പൂർ:കടലിൽ നിന്നും പ്രകൃതിദത്തമായവയ്ക്കൊപ്പം കർഷകർ വിതച്ച വിത്തിന് മികച്ച ഫലം കൂടിയായപ്പോൾ കവ്വായിക്കായലിൽ ഇക്കുറി കല്ലുമ്മക്കായ സമൃദ്ധി. ഇടയിലക്കാട് ബണ്ട് പരിസരത്തു നിന്നാണ് നാട്ടുകാർക്ക് കല്ലുമ്മക്കായ യഥേഷ്ടം ലഭിച്ചത്.

ബണ്ടിന്റെ കല്ലിനു പറ്റിയ നിലയിലും കല്ലിന്റെ ഇടുക്കുകളിൽ നിന്നും പ്രകൃതിദത്ത കല്ലുമ്മക്കായ ലഭിച്ചുതുടങ്ങിയത് ആദ്യം കർഷകരെ അങ്കലാപ്പിലാക്കിയിരുന്നു. വർദ്ധിച്ച ചൂടിൽ കയറുകളിൽ തൂക്കിയിട്ട കല്ലുമ്മക്കായ വിത്ത് ഊർന്നുപോയതാണെന്നായിരുന്നു കർഷകരുടെ ആവലാതി. എന്നാൽ തുടർന്നുനടന്ന പരിശോധനയിൽ കയറുകളിലെ കല്ലുമ്മക്കായ മികച്ച രീതിയിൽ വളരുന്നുണ്ടെന്ന് ബോദ്ധ്യപ്പെട്ടു. കടലിൽ നിന്ന് സ്വാഭാവികമായ കല്ലുമ്മക്കായ എത്തിയതാണെന്ന് അറിഞ്ഞതോടെ തീരം ആഹ്ളാദത്തിലമരുകയായിരുന്നു.

വിളവെടുപ്പു തുടങ്ങി.

കവ്വായി കായലിൽ നേരത്തെ വിത്തുകൾ നിക്ഷേപിച്ച കർഷകർക്ക് പകരം വിളവെടുപ്പു തുടങ്ങി. ഒക്ടോബർ- നവംബർ മാസത്തിൽ കൃഷിയിറക്കിയവരാണ് വിളവെടുത്തുതുടങ്ങി. സാധാരണ ഗതിയിൽ ഡിസംബറിനോടടുത്താണ് കല്ലുമ്മക്കായ കൃഷി തുടങ്ങുന്നത്.പുഴകളിലെ പ്രത്യേക പ്ലാറ്റ്ഫോമിൽ കല്ലുമ്മക്കായ വിത്തുകൾ കമ്പക്കയറിൽ കോർത്ത് വെള്ളത്തിൽ തൂക്കിയിടുകയാണ് പതിവ്. ആറു മാസത്തിനുള്ളിൽ വളർച്ച പ്രാപിച്ച് വിളവെടുക്കാൻ പാകത്തിലാകുമെന്നതാണ് കണക്ക്. കാലവർഷം തുടങ്ങുന്ന മാസത്തിന് മുൻപായി വിളവെടുപ്പ് പൂർത്തിയാക്കണം. അതിനിടയിൽ താപനില ക്രമാതീതമായി ഉയർന്നാലോ, കാലം തെറ്റി മഴ തുടർന്നാലോ കൃഷി നാശം പതിവാണ്. മുതൽ മുടക്കിയതിന്റെ മൂന്നിരട്ടിയെങ്കിലും ലാഭം കിട്ടുമെന്നതാണ് കല്ലുമ്മക്കായ കൃഷിയെ പ്രിയങ്കരമാക്കുന്നത്.

ഇടയിലക്കാട് ഇടയിലക്കാട് ബണ്ട് പരിസരത്ത് കാണപ്പെടുന്നത് കടലിൽ നിന്നും മറ്റുമായി ഒഴുകിയെത്തുന്ന വിത്തുകൾ വളർന്നിട്ടുണ്ട്. ഇത് കറുത്ത നിറത്തിലുള്ളവയാണ്. എന്നാൽ കൃഷി ചെയ്യുന്നവ നീല നിറത്തിലുള്ളവയാണ്- കെ.പവിത്രൻ , കല്ലുമ്മക്കായ കർഷകൻ,