കൂത്തുപറമ്പ്: ടി.വി.എസ് ഷോറൂമിൽ നിന്നും ഇരുചക്ര വാഹനവുമായി കടന്ന മോഷ്ടാവിനെ 24 മണിക്കൂറിനകം പൊലീസ് പൊക്കി. കണ്ണവം സ്വദേശിയായ കുട്ടി മോഷ്ടാവാണ് പൊലീസ് പിടിയിലായത്. വ്യാഴാഴ്ച പുലർച്ചയോടെയാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറയിലുള്ള ഷോറൂമിൽ നിന്നും ബൈക്കുമായി കടന്നുകളഞ്ഞത്. സർവ്വീസ് ചെയ്ത ശേഷം ഷോറൂമിൽ നിർത്തിയിട്ടിരുന്ന ബൈക്കാണ് നഷ്ടമായത്.

കൂത്തുപറമ്പ് പൊലീസ് സി.സി ടി.വി പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെപ്പറ്റി സൂചന ലഭിച്ചത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ വലയിലാക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയം പരിസരത്ത് നിന്നാണ് മോഷ്ടാവിനെ പൊക്കിയത്.

16 കാരനാണ് ബൈക്കുമായി കടന്നുകളഞ്ഞത്. മാനസിക വൈകല്യമുള്ള ഇയാൾ നേരത്തെയും പല സ്ഥലങ്ങളിൽ നിന്നും ബൈക്ക് ഉൾപ്പെടെ മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കൂത്തുപറമ്പ് സി.ഐ ബിനു മോഹൻ, എസ്.ഐമാരായ കെ.ടി സന്ദീപ്, പി. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.