cpz-krishi

ചെറുപുഴ: വൈവിദ്ധ്യപൂർണമായ വിളകൾ ഒരുക്കിയ ചെറുപുഴ ജോസ് ഗിരിയിലെ തെരുവൻ കുന്നേൽ കുര്യാച്ചനെ തേടി സംസ്ഥാന ജൈവകർഷക അവാർഡ് എത്തി. ഒരു ലക്ഷം രൂപയും സ്വർണ്ണമെഡലും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാർഡ്. എഴുപത് ശതമാനത്തിലധികം ചെരിവുള്ള ഒന്നരയേക്കർ ഭൂമിയിൽ മികച്ച മണ്ണുസംരക്ഷണ പ്രവർത്തനം പരിഗണിച്ചും കൂടിയാണ് അവാർഡ്.

ഇതിന് പുറമെ രണ്ടേക്കർ സ്ഥലം പാട്ടത്തിനും എടുത്ത് കൃഷി ചെയ്യുന്നു ഇദ്ദേഹത്തിന് . 2006 മുതൽ ജൈവ സർട്ടിഫിക്കേഷനുണ്ട്. പച്ചക്കറികൾ, സോർഗം ഉൾപ്പെടെയുള്ള ചെറുധാന്യങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, ഇഞ്ചി മഞ്ഞൾ, കൂവ, എല്ലാവിധ പഴവർഗ്ഗങ്ങളും കുരുമുളക്, ഏലം, കാപ്പി തുടങ്ങി ഇദ്ദേഹത്തിന്റെ കൃഷിയിടത്തിലില്ലാത്ത കൃഷികൾ കുറവാണ്. നാടൻ പശു, കോഴി മീൻ, അസോള എന്നിവയുമുണ്ട്. ഇതിനെല്ലാം പുറമേ കാർഷിക മേഖലയിലും കൃഷി സംരക്ഷണത്തിനുമാവശ്യമായ നിരവധി കണ്ടു പിടുത്തങ്ങളും കുര്യാച്ചന്റേതായുണ്ട്.

വന്യജീവികളെ പ്രതിരോധിച്ച കർഷകൻ

കൃഷിയിടത്തിൽ നാശം വിതയ്ക്കുന്ന കുരങ്ങുകളെ പ്രതിരോധിക്കുന്നതിനായി കുര്യാച്ചൻ കണ്ടുപിടിച്ച ജൈവ മരുന്നും വാർത്താപ്രാധാന്യം നേടിയിരുന്നു. കൃഷിയിടത്തിലിറങ്ങുന്ന ആനകളെ തടയുന്നതിനായി നിർമ്മിച്ച ജൈവ മരുന്നും അവസാന ഘട്ട പരീക്ഷണത്തിലാണ്.

പച്ചക്കറികളിലെ കീടങ്ങൾക്കെതിരേയും ജൈവ പ്രതിരോധ മരുന്നുകളും ജൈവ വളങ്ങളും കുര്യാച്ചൻ നിർമ്മിച്ചിട്ടുണ്ട്. സൂഷ്‌മാണു വളങ്ങൾ, ബയോ ലാർവകൾ ഉപയോഗിച്ചുള്ള കംമ്പോസ്റ്റുകൾ ഇവയെല്ലാം അവാർഡ് കരസ്ഥമാക്കുവാൻ സഹായകമായി. 59കാരനായ കുര്യാച്ചന് ഇതിനകം ധാരാളം പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. സരോജിനി ദാമോദർ ഫൗണ്ടേഷൻ അവാർഡ്, ആത്‌മ ഡെമോൻസ്ട്രേഷൻ പ്ലോട്ടിനുള്ള പുരസ്ക്കാരം, അഗ്രോ ജൈവ കർഷക അവാർഡ്, വൈഗ ഹാക്കത്തോൺ അംഗീകാരം എന്നിവ ഇവയിൽ ചിലതാണ്. ഷൈനിയാണ് ഭാര്യ. സിബിൻ, സിമിലിയ എന്നിവർ മക്കളാണ്.